കേരളത്തിലിപ്പോൾ അധ്വാനിക്കുന്ന ജനവിഭാഗം ബംഗാളികൾ മാത്രമാണ്, ചെറുപ്പക്കാരെല്ലാം പലായനം ചെയ്യുന്നത് എന്തുകൊണ്ടെന്ന് ചർച്ച ചെയ്യണം : എ.കെ. ആന്റണി

ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് പ്ലസ് ടു പാസായ ചെറുപ്പക്കാരെല്ലാം പലായനം ചെയ്യുന്നത് എന്തുകൊണ്ടെന്ന് എല്ലാവരും ഉറക്കെ ചിന്തിക്കേണ്ട സമയമായെന്ന് എ.കെ. ആന്റണി. കേരളത്തിലിപ്പോൾ

 

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് പ്ലസ് ടു പാസായ ചെറുപ്പക്കാരെല്ലാം പലായനം ചെയ്യുന്നത് എന്തുകൊണ്ടെന്ന് എല്ലാവരും ഉറക്കെ ചിന്തിക്കേണ്ട സമയമായെന്ന് എ.കെ. ആന്റണി. കേരളത്തിലിപ്പോൾ അധ്വാനിക്കുന്ന ജനവിഭാഗം ബംഗാളികൾ മാത്രമാണ്. കേരളം മലയാളികളുടെ നാടല്ലാതായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം. ഹസന്റെ ആറു പതിറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ ജീവിതം ആസ്പദമാക്കി തയാറാക്കിയ ‘ദി ലെഗസി ഓഫ് ട്രൂത്ത് - എം.എം. ഹസൻ ബിയോണ്ട് ദ ലീഡർ’ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്ദിരാഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.പി ഡോക്യുമെന്ററിയുടെ ടൈറ്റിൽ ഏറ്റുവാങ്ങി.

തൊട്ടതെല്ലാം പൊന്നാക്കിയ രാഷ്ട്രീയജീവിത ചരിത്രമാണ് ഹസന്റേത്. ലക്ഷക്കണത്തിന് ചെറുപ്പക്കാർക്ക് വിദേശത്ത് ജോലി നേടിക്കൊടുത്ത നോർക്ക റൂട്ട്‌സ് ഹസൻ തന്റെ മന്ത്രിസഭയിൽ അംഗമായിരുന്നപ്പോൾ സ്ഥാപിച്ചതാണ്. കോൺഗ്രസിന്റെ കുടുംബസംഗമം പരിപാടി, നെഹ്രു സെന്റർ, ജനശ്രീ മിഷൻ, കലാശാല മാസിക തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവനകളാണ്. തിരുവനന്തപുരത്ത് കെ.എസ്.യു വേരോടിയത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. പട്ടിണി കിടന്നും കാളവണ്ടിയിൽ സഞ്ചിരിച്ചും മർദനമേറ്റു വാങ്ങിയുമൊക്കെയാണ് അന്നു പാർട്ടി പ്രവർത്തനം നടത്തിയതെന്ന് ആന്റണി അനുസ്മരിച്ചു.

എം.എം. ഹസനെക്കുറിച്ചുള്ള ഡോക്യുമെന്ററി ഒരു വ്യക്തിയേക്കുറിച്ചല്ല മറിച്ച് ഒരു കാലഘട്ടത്തെക്കുറിച്ചാണെന്നും അതു യുവതലമുറയ്ക്ക് പ്രചോദനം പകരുമെന്നും കെപിസിസി മുൻ അധ്യക്ഷൻ കെ. മുരളീധരൻ പറഞ്ഞു. ഷാഫി പറമ്പിൽ എംപി ഡോക്യുമെന്ററിയുടെ ടൈറ്റിൽ ഏറ്റുവാങ്ങി. എ.കെ. ആന്റണി മുതൽ വൈഷ്ണ സുരേഷ് വരെയുള്ള തലമുറയുടെ മീറ്റിംഗ് പോയിന്റാണ് ഹസനെന്ന് ഷാഫി ചൂണ്ടിക്കാട്ടി.

എം.എം. ഹസൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, കെ. ശശിധരൻ, മരിയാപുരം ശ്രീകുമാർ, കെ.എസ്. ശബരിനാഥൻ, ആർ. ലക്ഷ്മി, രാഷ്ട്രീയകാര്യ സമിതിയംഗം ചെറിയാൻ ഫിലിപ്പ്, ഡി.സി.സി പ്രസിഡന്റ് ശക്തൻ നാടാർ, എം.ആർ. തമ്പാൻ തുടങ്ങിയവർ പങ്കെടുത്തു. മഖ്ബൂൽ റഹ്‌മാനാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. പർപ്പസ് ഫസ്റ്റിനുവേണ്ടി നിഷ എം.എച്ചാണ് നിർമാണം. ഡോക്യുമെന്ററിയുടെ ഔദ്യോഗിക പ്രദർശനം ജനുവരി 31ന് കലാഭവൻ തിയറ്ററിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്യും.