യുദ്ധപശ്ചാത്തലത്തിൽ വ്യോമപാത അടച്ചു ; കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര സർവീസുകൾ റദ്ദാക്കി
യുദ്ധപശ്ചാത്തലത്തിൽ വ്യോമപാത അടച്ചതിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര സർവീസുകൾ ഇന്നും തടസ്സപ്പെടും. തുടർച്ചയായ രണ്ടാം ദിവസമാണ് വിമാനത്താവളത്തിൽ നിന്നുള്ള വിദേശ സർവീസുകൾ പൂർണ്ണമായും റദ്ദാക്കുന്നത്. ശനിയാഴ്ച ആറ് സർവീസുകൾ റദ്ദാക്കിയിരുന്നു.
മട്ടന്നൂർ: യുദ്ധപശ്ചാത്തലത്തിൽ വ്യോമപാത അടച്ചതിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര സർവീസുകൾ ഇന്നും തടസ്സപ്പെടും. തുടർച്ചയായ രണ്ടാം ദിവസമാണ് വിമാനത്താവളത്തിൽ നിന്നുള്ള വിദേശ സർവീസുകൾ പൂർണ്ണമായും റദ്ദാക്കുന്നത്. ശനിയാഴ്ച ആറ് സർവീസുകൾ റദ്ദാക്കിയിരുന്നു.
നിലവിലെ സാഹചര്യം പരിഗണിച്ച് യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കണമെന്ന് കിയാൽ അധികൃതർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജ, അബുദാബി, റാസൽഖൈമ, ദുബായ്, ദോഹ സർവീസുകളും ഇൻഡിഗോയുടെ അബുദാബി, ഫുജൈറ സർവീസുകളുമാണ് പ്രധാനമായും റദ്ദാക്കിയത്. സർവീസുകൾ റദ്ദാക്കിയ വിവരം മുൻകൂട്ടി അറിയിച്ചതിനാൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടില്ല.
അന്താരാഷ്ട്ര സർവീസുകൾ തടസ്സപ്പെടുന്നതിനിടയിലും യാത്രക്കാർക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ–ജിദ്ദ സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചു. ഈ മാസം 31 മുതൽ ആഴ്ചയിൽ രണ്ട് ദിവസം വീതമായിരിക്കും സർവീസ്. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 6.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 10ന് ജിദ്ദയിലെത്തും. തിരിച്ച് ജിദ്ദയിൽ നിന്ന് പ്രാദേശിക സമയം 11ന് പുറപ്പെട്ട് വൈകിട്ട് 7.30ന് കണ്ണൂരിലെത്തും.