മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് പിടിയില്‍

പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇവരെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി
 

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ സുരഭി ഖത്തൂണ്‍ ആണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ പിടിയിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. മസ്‌കത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനത്തിലാണ് സുരഭി കണ്ണൂരില്‍ എത്തിയത്. 960 ഗ്രാം സ്വര്‍ണ്ണമാണ് പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്.

പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇവരെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരഭിയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിആര്‍. വൃത്തങ്ങള്‍ അറിയിച്ചു. മുമ്പ് പലതവണ ഇവര്‍ സ്വര്‍ണ്ണം കടത്തിയതായാണ് ഇതുവരെ ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നത്. മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയതിന് വിമാന ജീവനക്കാര്‍ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിത്. സ്വര്‍ണ്ണക്കടത്തില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്ക് അടക്കം അന്വേഷിച്ചുവരികയാണ്.