കാന്‍സര്‍ ചികിത്സയിലെ എഐ വിപ്ലവം: ഇന്ത്യ എഐ സമ്മിറ്റ് 2026-ല്‍ എംസിസിക്ക് അഭിമാന നേട്ടം

എഐ ഉപയോഗിച്ച് കാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിടുന്ന രാജ്യത്തെ മികച്ച പദ്ധതികളില്‍ ഇടംപിടിച്ച് മലബാര്‍ കാന്‍സര്‍ സെന്ററും.

 

എഐ ഉപയോഗിച്ച് കാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിടുന്ന രാജ്യത്തെ മികച്ച പദ്ധതികളില്‍ ഇടംപിടിച്ച് മലബാര്‍ കാന്‍സര്‍ സെന്ററും. 'ഇന്ത്യ എഐ നാഷണല്‍ കാന്‍സര്‍ ഗ്രിഡ് (NCG) - കൊയ്ത സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഓങ്കോളജി (KCDO)' സംയുക്തമായി ഏര്‍പ്പെടുത്തിയ ക്യാച്ച് ഗ്രാന്റ് 2026ലാണ് എംസിസി ഇടം പിടിച്ചത്. ആരോഗ്യ രംഗത്തെ എഐ മുന്നേറ്റത്തിന് കരുത്ത് പകരുന്ന എംസിസിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

എംസിസിയുടെ ഇന്‍കുബേഷന്‍ സെന്ററായ മിന്റും (MIINT - Malabar Cancer Centre Incubation Innovation Nest) സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വെല്ലിറ്റിക്‌സും കൂടി അവതരിപ്പിച്ച പദ്ധതി രാജ്യത്തെ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. 'AI Oncology Agent for Evidence-based Summaries, Guideline Support, and Clinical Trial Matching' എന്ന പദ്ധതി ദേശീയ ശ്രദ്ധ നേടി. രോഗികളുടെ ചികിത്സാ വിവരങ്ങള്‍ വേഗത്തില്‍ വിശകലനം ചെയ്യാനും ഡോക്ടര്‍മാര്‍ക്ക് കൃത്യമായ തീരുമാനങ്ങള്‍ എടുക്കാനും സഹായിക്കുന്ന ഒന്നാണ് എഐ ഓങ്കോളജി ഏജന്റ്.

മലബാര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് ഡോക്ടര്‍ അസിസ്റ്റ് എഐ അവതരിപ്പിച്ച 'AI Tools for Advancing Value-Based Care in Oncology' എന്ന പദ്ധതിയും മികച്ച നേട്ടം കൈവരിച്ചു. രാജ്യത്തെ മികച്ച 35 പദ്ധതികളുടെ പട്ടികയിലാണ് ഈ സംരംഭം ഇടംപിടിച്ചത്. കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സാഫലം ഉറപ്പാക്കുന്ന 'വാല്യൂ ബേസ്ഡ് കെയര്‍' എന്ന ലക്ഷ്യത്തിലാണ് ഈ പദ്ധതി ഊന്നല്‍ നല്‍കുന്നത്.

മെഡ്ടെക് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായി എംസിസിയില്‍ സജ്ജീകരിച്ചിട്ടുള്ള ഇന്‍കുബേഷന്‍ സംവിധാനമാണ് 'മീന്റ്'. 2025-ല്‍ സ്ഥാപിതമായ മിന്റ് ആരോഗ്യ മേഖലയിലെ നൂതന ആശയങ്ങളെ പ്രായോഗിക ചികിത്സാ രീതികളുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന പാലമായി പ്രവര്‍ത്തിക്കുന്നു. ക്ലിനിക്കല്‍ മെന്റര്‍ഷിപ്പ്, പ്രായോഗികമായ ക്ലിനിക്കല്‍ വാലിഡേഷന്‍, ആരോഗ്യ മേഖലയിലെ പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ഈ സ്ഥാപനം ഉറപ്പാക്കുന്നു. നിലവില്‍, ആരോഗ്യ രംഗത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സ്റ്റാര്‍ട്ടപ്പുകള്‍ മിന്റിന് കീഴില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു.

മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബി., വെല്ലിറ്റിക്‌സ് ഡയറക്ടര്‍ ഡോ. ധീരജ് ബി. എന്നിവര്‍ ചേര്‍ന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബാല്‍, ഐ.ടി സെക്രട്ടറി മിസ്റ്റര്‍ കൃഷ്ണന്‍ എന്നിവരില്‍ നിന്നും ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ വെച്ച് ഗ്രാന്റ് ഏറ്റുവാങ്ങി. പദ്ധതികളുടെ മെന്റര്‍മാരായി പ്രവര്‍ത്തിക്കുന്ന എംസിസിയിലെ ഫാക്കല്‍റ്റികളായ ഡോ. ദീപക് റോഷന്‍, ഡോ. പ്രവീണ്‍ കുമാര്‍ ഷേണായ് വി.പി, ഡോ. ഗീത എം. എന്നിവരും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു.