അട്ടപ്പാടിയില്‍ വീണ്ടും എല്‍ഡിഎഫിന് തിരിച്ചടി; അഗളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മഞ്ജു,  'അന്നും ഇന്നും എന്നും കോൺഗ്രസ് പ്രവർത്തകയെന്ന് പ്രതികരണം  

അട്ടപ്പാടിയില്‍ വീണ്ടും എല്‍ഡിഎഫിന് തിരിച്ചടി. അഗളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മഞ്ജു . അഗളി പഞ്ചായത്തില്‍ യുഡിഎഫ് അംഗമായി വിജയിച്ച മഞ്ജു എല്‍ഡിഎഫ് പഞ്ചായത്ത് അധ്യക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിക്കുകയായിരുന്നു.
 


പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും എല്‍ഡിഎഫിന് തിരിച്ചടി. അഗളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മഞ്ജു . അഗളി പഞ്ചായത്തില്‍ യുഡിഎഫ് അംഗമായി വിജയിച്ച മഞ്ജു എല്‍ഡിഎഫ് പഞ്ചായത്ത് അധ്യക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിക്കുകയായിരുന്നു.

വന്‍ പ്രതിഷേധമാണ് മഞ്ജുവിനെതിരെ അഗളിയില്‍ ഉയര്‍ന്നത്. സിറോ മലബാര്‍ സഭ വൈദികന്‍ ഉള്‍പ്പെടെ മഞ്ജുവിനെതിരെ രംഗത്തെത്തിയിരുന്നു. മഞ്ജുവിനെതിരെ ശക്തമായ നടപടിയിലേക്ക് കോണ്‍ഗ്രസ് കടക്കാന്‍ ഇരിക്കവെയാണ് നടപടി. ഇന്ന് വൈകുന്നേരം വരെ മഞ്ജുവിന് തിരുത്താന്‍ സമയം നല്‍കുമെന്ന് പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍ അറിയിച്ചിരുന്നു.

അന്നും ഇന്നും എന്നും താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയെന്ന് മഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് എല്‍ഡിഎഫ് മെമ്പര്‍മാര്‍ പിന്തുണക്കുക മാത്രമാണ് ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ ആ പിന്തുണ സ്വീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

അഗളി പഞ്ചായത്തിലെ 20-ാം വാര്‍ഡായ ചിന്നപറമ്പില്‍ നിന്നുള്ള യുഡിഎഫ് അംഗമായ മഞ്ജു കൂറുമാറിയത് വലിയ വിവാദമായിരുന്നു. തനിക്ക് പാര്‍ട്ടിയുടെ വിപ്പ് കിട്ടിയില്ല എന്നായിരുന്നു സംഭവത്തില്‍ മഞ്ജുവിന്റെ പ്രതികരണം. കക്ഷി രാഷ്ട്രീയഭേദമില്ലാതെയാണ് തനിക്ക് വോട്ട് ലഭിച്ചതെന്നും മഞ്ജു പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ മഞ്ജുവിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. മഞ്ജുവിനെതിരെ നിയമപോരാട്ടം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കൂറുമാറ്റ നിരോധന നിയമപ്രകാരം മഞ്ജുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

അഗളി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസത്തില്‍ നടന്ന വഞ്ചനയും അട്ടിമറിയും അംഗീകരിക്കാനാവില്ലെന്ന് സിറോ മലബാര്‍ സഭയുടെ അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടര്‍ ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ പ്രതികരിച്ചിരുന്നു. അട്ടപ്പാടിയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്നും തത്വസംഹിതകള്‍ കാറ്റില്‍പറത്തിയെന്നും ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടയില്‍ പറഞ്ഞു.