തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപി നേതാക്കളില്‍ നിന്ന് തന്നെ അധ്യക്ഷന്‍ കെ സുരേന്ദ്രന് നേരെ വ്യാപക വിമര്‍ശനം

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കണമെന്നും സന്ദീപ് പറഞ്ഞു.

 

ഉപതിരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയം പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ സുരേന്ദ്രന്റെ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നതെന്നാണ് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വ്യാപക വിമര്‍ശനം. ബിജെപിയില്‍ നിന്നുതന്നെയാണ് സുരേന്ദ്രനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നത്.

ഉപതിരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയം പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ സുരേന്ദ്രന്റെ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നതെന്നാണ് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, എന്‍ ശിവരാജന്‍, ബി ഗോപാലകൃഷ്ണന്‍, ബിജെപി അനുഭാവിയായ ശ്രീജിത്ത് പണിക്കര്‍, ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യര്‍ എന്നിവരില്‍ നിന്നെല്ലാം സുരേന്ദ്രന് വിമര്‍ശനം.

പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയായിരുന്നു സന്ദീപ് വാചസ്പതിയുടെ വിമര്‍ശനം. പാലക്കാട് തികച്ചും വ്യക്തിപരമായിരുന്നു കാര്യങ്ങള്‍ എന്ന് സന്ദീപ് പറഞ്ഞു. പാലക്കാട് ഇങ്ങനെ ഒരു തിരിച്ചടി പ്രതീക്ഷിച്ചില്ല. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കണമെന്നും സന്ദീപ് പറഞ്ഞു.

ബിജെപിയുടെ മേല്‍ക്കൂര ശക്തിപ്പെടുത്തണം എന്നായിരുന്നു ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പറഞ്ഞത്. ബിജെപിക്ക് ഇത്ര തോല്‍വി പ്രതീക്ഷിച്ചില്ല. തോല്‍വിയെക്കുറിച്ച് വിശദമായി പഠിക്കണമെന്നും സംഘടന കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ശിവരാജന്‍ അഭിപ്രായപ്പെട്ടു. ഉപതിരഞ്ഞെടുപ്പില്‍ സംഘടനാ വീഴ്ചയുണ്ടോ എന്ന് സുരേന്ദ്രനോട് ചോദിക്കണം എന്നായിരുന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് തൊട്ടുപിന്നാലെ തന്നെ സുരേന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കരും രംഗത്തെത്തി. പാലക്കാട്ടെ ബിജെപിയുടെ വിജയം പ്രവചിച്ച് രണ്ട് ദിവസം മുന്‍പ് സുരേന്ദ്രന്‍ ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം 'രണ്ട് പ്രവചനങ്ങളും ഫലിച്ചു, രാഷ്ട്രീയ ചാണക്യന്‍' എന്ന തലക്കെട്ടോടെ സുരേന്ദ്രനുള്ള ശ്രീജിത്ത് പണിക്കരുടെ ആദ്യ പോസ്റ്റ്. തൊട്ടുപിന്നാലെ ശ്രീജിത്ത് പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ- 'തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്ന പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ മാങ്കൂട്ടത്തിലിനും യു ആര്‍ പ്രദീപിനും കെ സുരേന്ദ്രനും അഭിനന്ദനങ്ങള്‍. അവിടെ കൊണ്ടും തീര്‍ന്നില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പോസ്റ്റും ശ്രീജിത്ത് പങ്കുവെച്ചു. അതിങ്ങനെ- 'രാഷ്ട്രീയ ബോധം വട്ടപ്പൂജ്യം. വിമര്‍ശിക്കുന്നവരെ കോണ്‍ഗ്രസ് ആക്കല്‍. വായ തുറന്നാല്‍ വരുന്നതെല്ലാം അബദ്ധം. ചുറ്റുമുള്ള ഭജനസംഘത്തോട് മാത്രം താല്‍പര്യം. മറ്റുള്ളവരോട് പരമപുച്ഛം. പാര്‍ട്ടിയിലെ കൊള്ളാവുന്നവരെ ഒതുക്കല്‍. ധാര്‍ഷ്ട്യത്തിന്റെ പരകോടി. ആകെയുള്ള ജോലി പത്രസമ്മേളനം. ജയസാധ്യത നോക്കാതെ പെട്ടിതാങ്ങിക്ക് വേണ്ടി ചോദിച്ചു വാങ്ങിയ പരാജയം. പാര്‍ട്ടിയെ ഇത്രത്തോളം പരിഹാസ്യമാക്കിയ അധ്യക്ഷന്‍ വേറെയുണ്ടാവില്ല. അഭിനന്ദനങ്ങള്‍'. ശ്രീജിത്തിന്റെ ട്രോള്‍ പോസ്റ്റുകള്‍ക്ക് താഴെ സുരേന്ദ്രനെ കമന്റിലൂടെ ട്രോളുന്നവരും നിരവധിയാണ്.