സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക അതിക്രമത്തിന് ശ്രമം ; അഞ്ച് പേര്‍ അറസ്റ്റില്‍

2 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ രണ്ടു വീടുകളില്‍ എത്തിച്ചായിരുന്നു ലൈംഗിക പീഡനം നടത്തിയത്.

 

വിദ്യാര്‍ഥികളെ പ്രണയം നടിച്ച് വശീകരിച്ച ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ പീഡനം തുടര്‍ന്നു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക അതിക്രമത്തിന് ശ്രമിച്ച അഞ്ച് പേര്‍ അറസ്റ്റില്‍. ഇതില്‍ മൂന്നു പേരും പ്രായപൂര്‍ത്തിയാകാത്തവരെന്ന് വിഴിഞ്ഞം പൊലീസ്. വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള ലക്ഷംവീട്ടില്‍ ടിനു(20),വിഴിഞ്ഞം കോട്ടപ്പുറം തുലവിള സൂസന്ന ഹൗസില്‍ ലിന്‍സണ്‍(21) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു സ്‌കൂള്‍ വിദ്യാര്‍ഥികളെയുമാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. വിദ്യാര്‍ഥികളെ പ്രണയം നടിച്ച് വശീകരിച്ച ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ പീഡനം തുടര്‍ന്നു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ രണ്ടു വീടുകളില്‍ എത്തിച്ചായിരുന്നു ലൈംഗിക പീഡനം നടത്തിയത്. പിന്നീട് ഇവര്‍ പഠിച്ച സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വഴി വീണ്ടും ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് വീണ്ടും പ്രേരിപ്പിക്കുകയായിരുന്നു.


പെണ്‍കുട്ടികള്‍ ഒഴിഞ്ഞു മാറിയതോടെ സ്ഥിരമായി റോഡില്‍ വച്ച് ശല്യം ചെയ്തു. ശല്യം സഹിക്കാന്‍ കഴിയാതായതോടെ പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി. ഇതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍, പിടിയിലായ നാല് പ്രതികളും ഒന്നാം പ്രതി ടിനുവിന് സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.