അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവം ; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർക്കും
അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർക്കും. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി.
പത്തനംതിട്ട : അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർക്കും. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി. കേസിൽ ഫെന്നി നൈനാൻ ഉൾപ്പെടെയുള്ള പ്രതികളെ ഉൾപ്പെടുത്തും. നിലവിലെ എഫ്ഐആറിലെ വകുപ്പുകൾ തന്നെ നിലനിർത്തുകയും ചെയ്യും. പരാതിക്കാരിയെന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് സ്റ്റേഷന് അകത്തേക്ക് പോയതെന്നും സെല്ലിനകത്തേക്ക് കയറിയിട്ടില്ലെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കേസിൽ കൂടുതൽ പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ അടൂർ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജൂലായ് മാസത്തിൽ നടത്തി സംഭവങ്ങളുടെ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന ശ്രീനദേവി കുഞ്ഞമ്മയുടെ പരാതിയിൽ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്ത രാജൻ ജോസഫിനെ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവം.