ജലക്ഷാമത്തിനിടയിലും അനാസ്ഥ ; അടൂരിലെ കെ.ഐ.പി കനാൽ വൃത്തിയാക്കി തുറന്ന് കൊടുക്കാതെ അധികൃതർ

വേനൽ കടുത്ത് ജലക്ഷാമം ഉണ്ടായിട്ടും കെ.ഐ.പി കനാൽ വൃത്തിയാക്കി തുറന്ന് കൊടുക്കാൻ നടപടിയില്ല. കനാലിൽ കാടുവളർന്ന് നില്ക്കുന്നത് മൂലം വെള്ളം തുറന്ന് വിട്ടാലും ഒഴുക്ക് തടസ്സപ്പെടുന്നസ്ഥിതിയാണുള്ളത്.

 

 അടൂർ : വേനൽ കടുത്ത് ജലക്ഷാമം ഉണ്ടായിട്ടും കെ.ഐ.പി കനാൽ വൃത്തിയാക്കി തുറന്ന് കൊടുക്കാൻ നടപടിയില്ല. കനാലിൽ കാടുവളർന്ന് നില്ക്കുന്നത് മൂലം വെള്ളം തുറന്ന് വിട്ടാലും ഒഴുക്ക് തടസ്സപ്പെടുന്നസ്ഥിതിയാണുള്ളത്. കനാലിലേക്ക്പുൽക്കാടുകൾ വളർന്ന് നില്ക്കുകയാണ്. കൂടാതെ മാലിന്യങ്ങളും കനാലിൽ തള്ളുന്നുണ്ട്. വെള്ളം തുറന്ന് വിടുമ്പോൾ മാലിന്യങ്ങൾ പുൽപടർപ്പിൽ തട്ടി കിടക്കും. ഇതോടെ ഡിസ്റ്റി ബ്യൂട്ടറി കനാലിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടും. 

പലയിടത്തും കനാലിൻ്റെ വശങ്ങളിലെ മരങ്ങളുടെ കൊമ്പുകൾ കനാലിലേക്ക് ചാഞ്ഞ് കിടക്കുന്നതുമൂലം വെള്ളത്തിൻ്റെ മുകൾ പരപ്പിലൂടെ ഒഴുകി
വരുന്ന മാലിന്യങ്ങൾ കൊമ്പിലെ ഇലച്ചാർത്തകളിൽ തട്ടി നില്ക്കുന്നുണ്ട്. അതിനാൽ കനാലിലെ വെള്ളത്തിൽ മുട്ടി നില്ക്കുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കനാലിൽ മണ്ണും ചെളിയും അടിഞ്ഞിട്ടുണ്ട്. ഇത് വെള്ളം ഒഴുക്കിനെ പ്രതികൂലമായി ബാധിക്കും. 

ചെറുവിതരണ കനാലുകളും കാടുകയറി മണ്ണിടിഞ്ഞ് ചെളിയടിഞ്ഞ നിലയാണ്. ഇതു കൂടാതെ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തത്
മൂലം മിക്ക ഭാഗത്തും കനാലിൻ്റെ സിമൻ്റ് കൊണ്ടുള്ള ലൈനിംഗും അതിന് മുകളിലെ പ്ലാസ്റ്ററിംഗും ഇളകി വെള്ളം തുറന്നു വിട്ടാൽ വ്യാപകമായ ചോർച്ചയും ഉണ്ട്. 

തെന്മലയിലെ ഒറ്റക്കല്ലിലെ തടയണയിൽ ശേഖരിക്കുന്ന ജലം ഇവിടെ നിന്നും ഇടതു കര - വലതുകര കനാലിലൂടെ ഏകദേശം ആയിരം കിലോമീറ്ററോളം വരുന്ന ശൃംഖലകൾ വഴി 92 പഞ്ചായത്തുകളിൽ വെള്ളം എത്തിക്കുന്നത്. കാലാകാലങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തത് മൂലം പല കനാൽ ഷട്ടറുകളും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. അതിനാൽ ഇവ ഉയർത്തിയും താഴ്ത്തുകയും ചെയ്ത് വെള്ളത്തിൻ്റെ ഒഴുക്ക് നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.