ഫൊറോനാ പള്ളിയില്‍ മോഷണശ്രമം: അടിമാലി സ്വദേശി പിടിയിൽ 

വടക്കാഞ്ചേരി ഫൊറോന പള്ളിയില്‍ മോഷണശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് അടിമാലി 200 ഏക്കറില്‍ ചക്ക്യാങ്കില്‍ പത്മനാഭനെ (66) കോട്ടയത്തുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു. 

 

തൃശൂര്‍: വടക്കാഞ്ചേരി ഫൊറോന പള്ളിയില്‍ മോഷണശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് അടിമാലി 200 ഏക്കറില്‍ ചക്ക്യാങ്കില്‍ പത്മനാഭനെ (66) കോട്ടയത്തുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു. 

കോട്ടയം തലയോലപള്ളിയില്‍ ഫെബ്രുവരി ഏഴിന് മോഷണം നടത്തിയ പ്രതിയെ നിരീക്ഷിച്ചു വരുന്നതിനിടയില്‍ വടക്കാഞ്ചേരിയില്‍ എത്തിയതറിഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ പള്ളി വികാരി ഫാ. വര്‍ഗീസ് തരകനെ കണ്ട് കരുതിയിരിക്കാന്‍ നിര്‍ദേശിച്ചു.

രാത്രി 12.10 ആയതോടെ മോഷ്ടാവ് പള്ളി വാതിലില്‍ മുട്ടുകയും സെമിത്തേരിയില്‍ ഒളിച്ചിരിക്കുകയും ചെയ്തു. പള്ളി വികാരിയും കമ്മിറ്റിക്കാരും  നാട്ടുകാരും പോലീസും ചേര്‍ന്നു തിരയുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ആരാധനാലയങ്ങളില്‍ മോഷണം നടത്തുകയാണ് പ്രതിയുടെ രീതിയെന്നു പറയുന്നു.