എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ കള്ളക്കടത്ത് സംഘാംഗം; മുഖ്യമന്ത്രി തലവന്‍: ശോഭ സുരേന്ദ്രന്‍

അഞ്ചംഗ കള്ളക്കടത്ത് സംഘത്തിലെ ഒരാളാണ് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറെന്നും ആ സംഘത്തിന്റെ തലവന്‍ മുഖ്യമന്ത്രിയാണെന്നും ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രന്‍
 
എം. ശിവശങ്കരനെ പോലെ എ.ഡി.ജി.പി. അജിത് കുമാറിനെ വളര്‍ത്തുകയാണ് മുഖ്യമന്ത്രി

തൃശൂര്‍: അഞ്ചംഗ കള്ളക്കടത്ത് സംഘത്തിലെ ഒരാളാണ് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറെന്നും ആ സംഘത്തിന്റെ തലവന്‍ മുഖ്യമന്ത്രിയാണെന്നും ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രന്‍. കേരളത്തില്‍ വ്യാപകമായി  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സ്വര്‍ണക്കടത്ത് നടക്കുന്നുണ്ട്. കേന്ദ്ര സംഘത്തിന്റെ അന്വേഷണം ശക്തമായി നടന്നാല്‍ ഇതൊക്കെ പുറത്തുവരും. സുരേഷ് ഗോപി അജിത് കുമാറിനെ വിളിച്ചത് എ.ഡി.ജി.പി. കള്ളക്കടത്ത് സംഘത്തിലെ കണ്ണി ആണെന്ന് അറിയാതെയാണെന്നും ശോഭ സുരേന്ദ്രന്‍ പത്രസമ്മേളത്തില്‍ പറഞ്ഞു.

എം. ശിവശങ്കരനെ പോലെ എ.ഡി.ജി.പി. അജിത് കുമാറിനെ വളര്‍ത്തുകയാണ് മുഖ്യമന്ത്രി. കേസന്വേഷണം സി.ബി.ഐക്ക് വിടാന്‍ തയാറല്ലെങ്കില്‍ ഭരണം ആരുടെ കൈയിലാണെന്ന് കേരള മുഖ്യമന്ത്രി ജനങ്ങളോട് പറയണം. മുഖ്യമന്ത്രിയുടെ നയങ്ങള്‍ മാറ്റിയില്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യം പിണറായിയിലൂടെയായിരിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. എ.ഡി.ജി.പിക്കെതിരായ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിടാന്‍ അമിത് ഷായെ കണ്ട് സംസാരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

കേരളത്തിലെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ കഴിയാത്ത മുഖ്യമന്ത്രി എന്തുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് കേസ് വിട്ടുകൊടുക്കുന്നില്ല? പി.വി. അന്‍വറിനെയും ചോദ്യം ചെയ്യണം. അന്‍വര്‍ ഹരിശ്ചന്ദ്രനല്ല. നാട് നന്നാക്കാനാണ് അന്‍വര്‍ ഇതൊക്കെ ചെയ്തതെങ്കില്‍ ഡല്‍ഹിയില്‍ പോയി കേന്ദ്രത്തിന് തന്റെ കൈയിലുള്ള വിവരങ്ങള്‍ നല്‍കണം. മുഹമ്മദ് റിയാസിന്റെയും മുഖ്യമന്ത്രിയുടെയും അറിവില്ലാതെ അന്‍വര്‍ അത്തരത്തിലൊരു വാര്‍ത്താ സമ്മേളനം നടത്തില്ലെന്നും അവര്‍ പറഞ്ഞു.