മതിയായ സൗകര്യങ്ങളില്ല; ഹയർസെക്കൻഡറി ഐടി ഗണിത ലാബ് പരീക്ഷയിൽ അധ്യാപകരും വിദ്യാർഥികളും പ്രതിസന്ധിയിൽ
കോഴിക്കോട്: ഹയർസെക്കൻഡറി ഐടി ഗണിത ലാബ് പരീക്ഷ അധ്യാപകരെയും വിദ്യാർഥികളെയും പ്രതിസന്ധിയിലാക്കുന്നു. ഈ വർഷംമുതൽ ലാബുകളുടെ എണ്ണം 13 ആയി വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതുതന്നെ ഒക്ടോബറിലാണ്. പല സ്കൂളുകളിലും ഗണിതലാബിന് വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ് പ്രധാനപ്രശ്നം.
സയൻസ് ഗ്രൂപ്പിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്കാണ് മുൻപ് ലാബും പ്രാക്ടിക്കൽ പരീക്ഷയും ഉണ്ടായിരുന്നത്. ഹയർസെക്കൻഡറിയിൽ ഗണിത ലാബ് എന്ന ആശയം 2021 മാർച്ച് പരീക്ഷ മുതലാണ് നടപ്പാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലൊന്നും പരീക്ഷിക്കപ്പെടാത്ത ഗണിതലാബ്, ഗണിതശാസ്ത്രത്തിലെ ആശയങ്ങൾ ജിയോജിബ്ര എന്ന സോഫ്റ്റ്‌വേർ ഉപയോഗിച്ച് കുട്ടികളെ പരിചയപ്പെടുത്തുന്നതിനായാണ് ആരംഭിച്ചത്. പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെചെയ്തത്. എന്നാൽ, അടിസ്ഥാനസൗകര്യങ്ങളും പീരിയഡുകളും വർധിപ്പിക്കാൻ സർക്കാരോ വിദ്യാഭ്യാസവകുപ്പോ തയ്യാറായില്ല. നിലവിലുള്ള പാഠഭാഗങ്ങളിൽ ഒരുകുറവും വരുത്താതെയാണ് ഗണിതലാബ് പരീക്ഷയുംകൂടി ഹയർസെക്കൻഡറി പരീക്ഷയിൽ ഉൾപ്പെടുത്തിയത്. തിയറി പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങൾ കൂടാതെ ലാബുകൾകൂടി ചെയ്തുതീർക്കാൻ സമയംകണ്ടെത്താൻ അധ്യാപകർ പ്രയാസപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. പല സ്കൂളുകളിലും കംപ്യൂട്ടറുകളുടെ അപര്യാപ്തത, ബാച്ചുകളുടെയും കുട്ടികളുടെയും ആധിക്യം എന്നിവ വിഷയം സങ്കീർണമാക്കുന്നു. ആദ്യവർഷ പരീക്ഷയിൽ അഞ്ചെണ്ണമായി നിശ്ചയിച്ചിരുന്ന ലാബുകൾ പിന്നീട് പ്ലസ് വൺ നാല്, പ്ലസ്ടു നാല് അങ്ങനെ ആകെ എട്ട് എണ്ണം എന്നരീതിയിലാണ് കഴിഞ്ഞവർഷംവരെ നടപ്പാക്കിയിരുന്നത്.
ഈ വർഷം ലാബുകളുടെ എണ്ണം 13 ആയി വർധിപ്പിച്ചു. ഇത് പ്രശ്നം സങ്കീർണമാക്കി. പ്രായോഗിക പരീക്ഷയ്ക്കുമുൻപ് പലയിടത്തും പാഠഭാഗങ്ങൾ തീർക്കാൻകഴിഞ്ഞിട്ടില്ല. മതിയായ കംപ്യൂട്ടറുകളോ പഠനസമയമോ ഇല്ലാതെവന്നെങ്കിലും പരീക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം നടക്കും. ഇതാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകാൻ അധ്യാപകസംഘടനകൾ ഒരുങ്ങുകയാണ്.
ലാബുകളുടെ എണ്ണം കഴിഞ്ഞവർഷത്തെപ്പോലെ എട്ടെണ്ണമായി നിജപ്പെടുത്തണമെന്നാണ് ആവശ്യം. ഗണിതശാസ്ത്ര ലാബുകൾക്കുമാത്രം നടപ്പാക്കുന്ന സോഫ്റ്റ്‌വേർ അധിഷ്ഠിത പരീക്ഷാസമ്പ്രദായം മറ്റ് ലാബ് പരീക്ഷകളിൽ ചെയ്യുന്നപോലെ ചോദ്യപ്പേപ്പർ കുട്ടികൾക്ക് നൽകി നടത്തണമെന്നും അധ്യാപകരും വിദ്യാർഥികളും ആവശ്യപ്പെടുന്നു.