യാത്രയയപ്പ് ചടങ്ങിനിടെ സ്ഥലം മാറിപ്പോകുന്ന എ.ഡി. എമ്മിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ
സ്ഥലം മാറി പോകുന്ന കണ്ണൂർ എ.ഡി എം കെ. നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിനിടെ അഴിമതി ആരോപണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ രംഗത്തെത്തിയത് വിവാദമാകുന്നു.
എ.ഡി.എം സ്ഥലം മാറി പോകാൻ ദിവസങ്ങൾക്കു മുൻപ് എൻ.ഒ.സി കിട്ടിയത് എങ്ങനെയാണെന്ന് തനിക്ക് അറിയാമെന്നും ഈ കാര്യം രണ്ടു ദിവസത്തിനുള്ളിൽ പുറത്തുവരുമെന്നും ദിവ്യ മുന്നറിയിപ്പു നൽകി
കണ്ണൂർ : സ്ഥലം മാറി പോകുന്ന കണ്ണൂർ എ.ഡി എം കെ. നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിനിടെ അഴിമതി ആരോപണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ രംഗത്തെത്തിയത് വിവാദമാകുന്നു. പരിപാടിയിൽ ഉദ്ഘാടകനായി കലക്ടർ അരുൺ കെ വിജയനെ യാണ് ക്ഷണിച്ചിരുന്നതെങ്കിലും ചടങ്ങിനിടെ ബോധപൂർവ്വം കയറി വന്ന പി.പി ദിവ്യ കുത്തും മുനയുമുള്ള വാക്കുകൾ കൊണ്ടു ചടങ്ങിൽ കല്ലുകടിയുണ്ടാക്കുകയായിരുന്നു.
ചെങ്ങളായിയിലെ ഒരു പെട്രോൾ പമ്പിന് എൻ.ഒ.സി കൊടുക്കാൻ വൈകിയ വിഷയത്തിലായിരുന്നു ദിവ്യ ഉടക്കിയത്. തന്നെ വന്നു കണ്ട പരാതിക്കാരൻ എൻ.ഒ.സി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ഇതുപ്രകാരം താൻ എ.ഡി. എമ്മിനോട് ഫോണിൽ ഈ കാര്യം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ന്യായമായ ആവശ്യമായതിനാലാണ് താൻ ഇടപെട്ടത്. എന്നാൽ ഈക്കാര്യത്തിൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.
എ.ഡി.എം സ്ഥലം മാറി പോകാൻ ദിവസങ്ങൾക്കു മുൻപ് എൻ.ഒ.സി കിട്ടിയത് എങ്ങനെയാണെന്ന് തനിക്ക് അറിയാമെന്നും ഈ കാര്യം രണ്ടു ദിവസത്തിനുള്ളിൽ പുറത്തുവരുമെന്നും ദിവ്യ മുന്നറിയിപ്പു നൽകി. ഈക്കാലത്ത് എന്തു ചെയ്യുമ്പോഴും ഫോണിലും മറ്റും അക്കാര്യം തെളിവായി ഉണ്ടാകും.
സിവിൽ സർവീസിലിരിക്കുന്നവർ തനിക്ക് ചുറ്റും മറ്റുള്ളവരുമുണ്ടെന്ന് ശ്രദ്ധിക്കണം. നവീൻ ബാബു പത്തനംതിട്ടയിൽ എ.ഡി. എമ്മായി ചുമതല ഏൽക്കുമ്പോൾ കണ്ണൂരിലേപ്പോലെയാകരുതെന്നും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തണമെന്നും ദിവ്യ ആവശ്യപ്പെട്ടു.
ഇദ്ദേഹം ഉപഹാരം വാങ്ങുന്നത് കാണാൻ താൽപര്യമില്ലാത്തതു കാരണം താൻ ചടങ്ങിനിടെ പോവുകയാണെന്ന് പറഞ്ഞ് ദിവ്യ തൻ്റെ പ്രസംഗം കഴിഞ്ഞതിനു ശേഷം ചടങ്ങ് ബഹിഷ്ക്കരിച്ചു കൊണ്ടു പുറത്തേക്ക് പോവുകയും ചെയ്തു.