നടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസ്: ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരേ ലുക്കൗട്ട് സര്‍ക്കുലര്‍

ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഒട്ടേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പൊലീസ് കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു.

 

പ്രതി വിദേശത്തേക്ക് കടന്നതായാണ് പൊലീസിന്റെ സംശയം

പീഡനക്കേസില്‍ പ്രതിയായ കൊച്ചിയിലെ ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരേ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. യുവനടിയുടെ ബന്ധു നല്‍കിയ പീഡനപരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഡോക്ടര്‍ ഒളിവിലാണ്. ഇതോടെയാണ് പ്രതിക്കെതിരേ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പ്രതി വിദേശത്തേക്ക് കടന്നതായാണ് പൊലീസിന്റെ സംശയം.

അതിനിടെ ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഒട്ടേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പൊലീസ് കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. ഏകദേശം 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങളാണ് ഡോക്ടറുടെ മൊബൈല്‍ ഫോണില്‍നിന്ന് പൊലീസ് കണ്ടെത്തിയത്.

യുവതികള്‍ക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ ഡോക്ടര്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ ഉള്‍പ്പെട്ട യുവതികളുടെ പരാതി ലഭിച്ചാല്‍ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.