സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് നൽകി നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നത്.

 

കൊച്ചി: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് നൽകി നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നത്. തനിക്കെതിരായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകള്‍ പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ചലച്ചിത്ര സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നു. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തെരുവില്‍ വെച്ചാണ് അദ്ദേഹം സമരം നടത്തുന്നത്. താന്‍ ഉന്നയിച്ച ഗൗരവകരമായ വിഷയങ്ങളില്‍ സര്‍ക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടല്‍ നടത്താത്തതിനാലാണ് സമരത്തിലേക്ക് കടന്നതെന്നാണ് സനല്‍കുമാര്‍ പറയുന്നത്.

‘കഴിഞ്ഞ നൂറ് ദിവസമായി സമൂഹ മാധ്യമങ്ങളിലൂടെ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും പൊതു സമൂഹം ഉണരുന്നില്ല, കേരള സർക്കാർ ഇതേപ്പറ്റി അന്വേഷിക്കാൻ തയാറാകുന്നില്ല. എന്റെ പേരിലുള്ള കേസിൽ അന്വേഷണം നടത്തുന്നില്ല. ഈ സാഹചര്യത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതലകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുകയാണ്.എന്റെ ഈ വിഷയം വളരെ സാമൂഹിക പ്രസക്തി ഉള്ളതായിട്ടും ഇതുവരെ അനുഭാവം പ്രകടിപ്പിച്ച് ഒരാളും മുന്നോട്ടു വന്നിട്ടില്ല. ഇതൊരു സാമൂഹ്യ പ്രശ്നമാണ്, വ്യക്തിപരമായ വിഷയമല്ല. വളരെ ഗുരുതരമായ ആരോപണമാണ് ഞാൻ ഉന്നയിച്ചിട്ടുള്ളത്.ഇതെന്റെ മാത്രം വിഷയമല്ല, ഇന്നിവിടെ ഞാൻ ഒറ്റയ്ക്കാണുള്ളത്. വേറാരും ഇവിടെ ഇല്ല. എനിക്കെതിരെ എന്തുതരം ആക്രമണം വേണമെങ്കിലും ഉണ്ടാകാം. ഞാൻ പോരാടുന്നത് വലിയൊരു മാഫിയയ്ക്കെതിരെയാണ്. ദയവായി ആളുകൾ വന്ന് എന്നെ പിന്തുണയ്ക്കുക, മുന്നോട്ടുവരിക,' സനല്‍ കുമാര്‍ പറഞ്ഞു.