നടിയെ ആക്രമിച്ച കേസ്; വിചാരണാകോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ ഉത്തരവ്

നടിയെ ആക്രമിച്ച കേസിലെ വിചാരണാകോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ ഉത്തരവായി. ഇന്നലെയാണ് സർക്കാർ അനുമതി നൽകിയത്.
 

കൊച്ചി :  നടിയെ ആക്രമിച്ച കേസിലെ വിചാരണാകോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ ഉത്തരവായി. ഇന്നലെയാണ് സർക്കാർ അനുമതി നൽകിയത്. ക്രിസ്‍മസ് അവധിക്ക് ശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശിപാർശകൾ സർക്കാർ അംഗീകരിച്ചു.

ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയെണ് ശുപാർശയിൽ ഡിജിപിയും സ്പെഷ്യൽ പ്രോസിക്യൂട്ടറും. നിലനിൽക്കാത്ത കാരണം ചൂണ്ടിക്കാട്ടിയാണ് തെളിവുകൾ അവഗണിച്ചതെന്നും അപ്പീലിൽ പറയുന്നു. സുതാര്യമായ വിചാരണ നടന്നില്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിക്കും. ദിലീപ് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ ഉത്തരവ് നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷൻ വാദം.

വിചാരണ കോടതിയിൽ നിന്ന് മേൽകോടതിയിലേക്ക് പോകാൻ തങ്ങൾക്ക് പാസ്‌പോർട്ട് ലഭിച്ചെന്നായിരുന്നു അജകുമാർ പറഞ്ഞിരുന്നത്. കഴിഞ്ഞ ഏഴര വർഷമായി വിചാരണ കോടതിയിൽ ശ്വാസംമുട്ടിയാണ് നിന്നിരുന്നതെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. ഒന്ന് മുതൽ ആറ് വരെ ശിക്ഷിച്ച പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വേണമെന്ന് അപ്പീലിൽ ആവശ്യപ്പെടും. വിചാരണ കോടതി അവ​ഗണിച്ച തെളിവുകളെല്ലാം ഹൈക്കോടതിയിലേക്ക് എത്തുമ്പോൾ അം​ഗീകരിക്കുമെന്നും ​ഗൂഢാലോചന കുറ്റം കൃത്യമായി തെളിയിക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനുള്ളത്.