നടിയെ ആക്രമിച്ച കേസ് ;ദിലീപിനെ കുറ്റാരോപിതന്‍ എന്ന് പറയാന്‍ തന്നെയാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്, ഇത് അന്തിമവിധിയല്ല, മഞ്ജുവിനോട് സൂക്ഷിക്കണമെന്ന് നേരത്തെ പറഞ്ഞു: ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസില്‍ കോടതി വെറുതെവിട്ട ദിലീപിനെ കുറ്റാരോപിതന്‍ എന്ന് പറയാന്‍ തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ഡബ്ബിങ് ആർട്ടിസ്‌റ്   ഭാഗ്യലക്ഷ്മി. പുറത്ത് വന്നിരിക്കുന്നത് അന്തിമവിധിയല്ല. ഇതിന് മുകളില്‍ ഹൈക്കോടതിയും സുപ്രിംകോടതിയുമൊക്കെയുണ്ട്. കോടതികളോട് പറയാന്‍ ഇനിയുമൊരുപാട് കാര്യങ്ങളുണ്ട്

 

പാലക്കാട്: നടിയെ ആക്രമിച്ച കേസില്‍ കോടതി വെറുതെവിട്ട ദിലീപിനെ കുറ്റാരോപിതന്‍ എന്ന് പറയാന്‍ തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ഡബ്ബിങ് ആർട്ടിസ്‌റ്   ഭാഗ്യലക്ഷ്മി. പുറത്ത് വന്നിരിക്കുന്നത് അന്തിമവിധിയല്ല. ഇതിന് മുകളില്‍ ഹൈക്കോടതിയും സുപ്രിംകോടതിയുമൊക്കെയുണ്ട്. കോടതികളോട് പറയാന്‍ ഇനിയുമൊരുപാട് കാര്യങ്ങളുണ്ട്.

 കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ഒരു ബന്ധു തിരിച്ചുവരുന്നത് പോലെയാണ് സിനിമാ മേഖലയിലെ ആളുകള്‍ പെരുമാറിയത്. അതിലുള്ള പ്രതിഷേധം സംഘടനയില്‍ നിന്നുള്ള രാജിയിലൂടെ അറിയിക്കുകയായിരുന്നെന്നും ഭാഗ്യലക്ഷ്മി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'വിധി പുറത്തുവന്ന ഇന്നലെ രാത്രിയില്‍ താനും അതിജീവിതയും ഉറങ്ങിയിട്ടില്ല. സംഘടനയില്‍ നിന്ന് ആരെയും വിളിച്ചിട്ടില്ല. പലരും അവനോടൊപ്പം അവളോടൊപ്പം എന്നത് നിലപാടില്ലായ്മയാണ്. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ, ഡബ്ലുസിസി അംഗങ്ങള്‍ എന്നിവര്‍ അതിജീവിതയെ വിളിച്ചിരുന്നു.' ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

'അമ്മ സംഘടനയില്‍ സ്ത്രീകള്‍ വന്നത് കൊണ്ട് പ്രത്യേക മാറ്റങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. അതിജീവിതയ്ക്കായി അവര്‍ യോഗം ചേര്‍ന്നിരുന്നില്ല. ഇന്നലെയാണ് അടിയന്തര യോഗം ചേരുന്നത്. ശരിയോടൊപ്പവും തെറ്റിനോടൊപ്പവും ഒരേസമയം എങ്ങനെ ചേര്‍ന്ന് നില്‍ക്കാനാകും. അവള്‍ നിശബ്ദമായി പോരാടിക്കൊണ്ടിരിക്കുകയാണ്.'

'മഞ്ജുവിനോട് സൂക്ഷിക്കണമെന്ന് നേരത്തെ പറഞ്ഞു. ഇപ്പോഴും അത് തന്നെ പറയുന്നു. ന്യൂജന്‍ ആണ്‍കുട്ടികളാണ് അവളോടൊപ്പം നിന്നത്. വലിയ സ്റ്റാറുകള്‍ പോലും അവളോടൊപ്പം നില്‍ക്കാന്‍ മടിച്ചിരുന്നപ്പോഴാണിത്.'

കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ടിരുന്ന യുഡിഎഫ് കണ്‍വീനറുടെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിന് യുഡിഎഫ് വേട്ടക്കാര്‍ക്കൊപ്പമാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ മനസ്സിലായി എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

'യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞതില്‍ വലിയ അത്ഭുതമില്ല. ഇതാണ് അയാളുടെ അധികാരം. രാഷ്ട്രീയത്തിലും മറ്റു പലയിടങ്ങളിലും അധികാരമുള്ളവര്‍ അയാളോടൊപ്പമാണുള്ളത്. യുഡിഎഫ് അങ്ങനെ പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പോലും അവര്‍ സ്വീകരിച്ച നടപടി ശ്രദ്ധിച്ചാല്‍ നമുക്ക് കാണാനാകും. ദയനീയമാണ് അവരുടെ അവസ്ഥ.'പറഞ്ഞത് വിവരമില്ലായ്മയാണെന്നും വ്യക്തമായ ബോധ്യത്തോടെയുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.