നടിയെ ആക്രമിച്ച കേസ്; അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം കൂടി അനുവദിച്ച് ഹൈക്കോടതി

വിശദമായ അന്വേഷണം അനിവാര്യമാണെന്നും ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
 

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. ഒന്നര മാസം കൂടിയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിരിക്കുന്നത്. മെയ് 30ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം.അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നും ഡിജിപി ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. തുടരന്വേഷണത്തിന് 3 മാസം കൂടി സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

വിശദമായ അന്വേഷണം അനിവാര്യമാണെന്നും ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ഇതിനിടെ വധഗൂഡാലചനാ കേസില്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണ സംഘത്തിന് ഗൂഡലക്ഷ്യങ്ങളുണ്ടെന്നും ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നുമുള്ള ദിലീപിന്റെ ആവശ്യമാണ് കോടതി തള്ളിയത്. നിലവില്‍ കേസ് മറ്റൊരു ഏജന്‍സിക്ക് വിടേണ്ടകാര്യമല്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അടക്കമുള്ള കാര്യങ്ങള്‍ നിര്‍ണായകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.