കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ ഞാൻ മത്സരിച്ചത് തന്നെ ഒരു തെറ്റായിരുന്നുവെന്ന് നടൻ ധർമജൻ ബോൾഗാട്ടി
കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ താൻ മത്സരിച്ചത് തെറ്റായിപ്പോയെന്ന് തോന്നുന്നുവെന്ന് ധർമജൻ ബോൾഗാട്ടി.തെരഞ്ഞെടുപ്പിൽ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് കെപിസിസിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും ധർമജൻ പറഞ്ഞു.
കൊച്ചി: കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ താൻ മത്സരിച്ചത് തെറ്റായിപ്പോയെന്ന് തോന്നുന്നുവെന്ന് ധർമജൻ ബോൾഗാട്ടി.തെരഞ്ഞെടുപ്പിൽ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് കെപിസിസിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും ധർമജൻ പറഞ്ഞു.
'എന്റെ അടുത്ത് ഇരിപ്പുണ്ട് ഒരു പത്ത് പന്ത്രണ്ട് പേജുള്ള അഴിമതിയുടെ വിവരങ്ങൾ. എനിക്ക് വേണമെങ്കിൽ പ്രതിപക്ഷ നേതാവിന് കൊണ്ടുപോയി കൊടുക്കാം. ഞാൻ വേണ്ടെന്ന് വച്ചിട്ടാണ്. അത് പോട്ടെ. അവർ അന്ന് ചെയ്തത് അവരുടെ മനസിലുണ്ടെങ്കിൽ അവർ അത് തിരുത്തട്ടെ.ആദ്യം ഞാൻ പരാതി കൊടുത്തായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു അന്ന് കെപിസിസി പ്രസിഡന്റ്. അദ്ദേഹം അത് ശ്രദ്ധിച്ചൊന്നുമില്ല. പിന്നെ വന്നത് സുധാകരൻ ചേട്ടനാണ്. സുധാകരൻ ചേട്ടൻ എന്നെ വിളിച്ച് ചോദിക്കുകയൊക്കെ ചെയ്തു. ആ ഒരു മാന്യത അദ്ദേഹം കാണിച്ചു. മറ്റേ പുള്ളി അത് കാണിച്ചില്ല. എന്നെക്കാൾ വലിയ നേതാക്കളൊക്കെയായിരുന്നു അവിടെയുണ്ടായിരുന്നത്. ഞാൻ ഈ എറണാകുളത്തു നിന്നു പോയി ബാലുശേരിയിൽ മത്സരിച്ച ഒരാളാണ്. അത് തന്നെ ഒരു തെറ്റായിരുന്നു എന്ന് തോന്നിക്കുന്ന രീതിയിലാണ് എനിക്ക് മനസിലാകുന്നത്. കാരണം എന്താണെന്നു വച്ചാൽ ഒരുപാട് നേതാക്കൾ ഒരുപാട് സ്ഥലത്ത് പോയി മത്സരിക്കുന്നുണ്ട്. ഞാൻ അത്രയ്ക്ക് വലിയ നേതാവ് എന്നൊരു പരിവേഷത്തിൽ അല്ലല്ലോ പോയത്". - ധർമജൻ പറഞ്ഞു.
കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേര്‍ന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തെന്നും ഇത് തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ധര്‍മജന്‍ കെപിസിസി പ്രസിഡന്റിന് അന്ന് പരാതി നല്‍കിയത്. ബാലുശേരി നിയോജക മണ്ഡലത്തിലെ വൻകിട സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും തന്റെ പേരിൽ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടില്ല. മാത്രമല്ല, തന്നെ പരാജയപ്പെടുത്താൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിച്ചതായും ധർമജൻ ആരോപിച്ചിരുന്നു. സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും തന്റെ പേരിൽ ലക്ഷങ്ങൾ പണപ്പിരിവ് നടത്തിയതിന് തെളിവുണ്ടെന്നും ഇതു സഹിതമാണ് കെപിസിസിക്ക് പരാതി നൽകിയിട്ടുള്ളതെന്നും ധർമജൻ വെളിപ്പെടുത്തി.