പിഷാരടിയുടെ കഴിവുകളിൽ വിശ്വാസമുണ്ട്; ക്ഷണിച്ചാൽ പ്രചാരണത്തിനിറങ്ങുമെന്ന് നടൻ ആസിഫ് അലി 

തനിക്ക് ഏറെവർഷമായി അറിയുന്ന വ്യക്തിയാണ് പിഷാരടിയെന്നും  പിഷാരടിയുടെ കഴിവുകളിൽ വിശ്വാസമുണ്ടെന്നും ആസിഫ് അലി അറിയിച്ചു.

 

 പാലക്കാട് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി നിൽക്കുന്ന രമേഷ് പിഷാരടിക്ക് വേണ്ടി  പ്രചാരണത്തിനിറങ്ങാൻ താല്പര്യമറിയിച്ച് നടൻ ആസിഫ് അലി. തനിക്ക് ഏറെവർഷമായി അറിയുന്ന വ്യക്തിയാണ് പിഷാരടിയെന്നും  പിഷാരടിയുടെ കഴിവുകളിൽ വിശ്വാസമുണ്ടെന്നും ആസിഫ് അലി അറിയിച്ചു.രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

''തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്നാവശ്യപ്പെട്ട് രമേഷ് പിഷാരടി വിളിച്ചിട്ടില്ല, അങ്ങനെ ഒരു വിളി വന്നാൽ ഞാൻ ഉറപ്പായിട്ടും പോകും. കാരണം അദ്ദേഹത്തെ വളരെ നന്നായി അടുത്തറിയുന്നയാളാണ്. എല്ലാവരും അവരവരുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോയെന്ന് നോക്കണം. കൃത്യമായി വോട്ട് ചെയ്യണം. വോട്ട് ചെയ്യാതെ ഒരു രാഷ്ട്രീയ പാർട്ടിയേയോ, രാഷ്ട്രീയ നേതാവിനെയോ കുറ്റം പറയാൻ അവകാശമില്ല. സ്വന്തം വോട്ടവകാശം വിനിയോഗിച്ചതിനുശേഷം മാത്രമേ അതിനുള്ള സ്വാതന്ത്ര്യമുള്ളൂ. സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് പലരും സമീപിച്ചു എന്നത് എപ്പോഴും സോഷ്യൽ മീഡിയയിൽ വരുന്ന പ്രചരണമാണ്. ആരും തന്നെ അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല. അങ്ങനെ വന്നാലും സ്ഥാനാർത്ഥിയാകാൻ താത്പര്യമില്ലെന്നും ആസിഫ് അലി.

പെരുന്നാൾ സന്തോഷം പ്രകടിപ്പിച്ചാണ് ആസിഫ് അലി സംസാരിച്ചുതുടങ്ങിയത്. “ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. 30 ദിവസത്തെ നോമ്പ് കഴിഞ്ഞ് വീട്ടുകാർ എല്ലാവരും ഒരുമിച്ചെത്തിയിട്ടുണ്ട്. സ്വദേശമായ തൊടുപുഴയാണ് എല്ലാ പെരുന്നാളിനും പോകാറുള്ളത്. പക്ഷേ ഇപ്രാവശ്യം ഒരു വ്യത്യസ്തതയ്ക്ക് എറണാകുളത്തുതന്നെയാക്കി. ജാതി രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഒറ്റക്കെട്ടായി എല്ലാ ആഘോഷങ്ങളും, പെരുന്നാളോ ഓണമോ ക്രിസ്മസോ എന്തുതന്നെയായാലും എല്ലാം ഒരുമിച്ച് ആഘോഷിക്കണം. ആ ശീലം എന്നും തുടരട്ടെ, ആ ശീലം എപ്പോഴും എല്ലാവരുടേയും മനസിലുണ്ടാവട്ടെ.” അദ്ദേഹം പറഞ്ഞു.