ഒരു സ്‌കൂട്ടറില്‍ അഞ്ചുപേരുമായി അപകടകരമായി യാത്ര ചെയ്ത കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ; വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും ; മാതാപിതാക്കള്‍ക്കും പണി കിട്ടി !


തൃക്കാക്കര പൈപ്പ് ലൈന്‍ റോഡിലായിരുന്നു 5 വിദ്യാര്‍ത്ഥികളുടെ അപകടകരമായ യാത്ര.

 

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അഞ്ചുപേരുടെയും രക്ഷിതാക്കളെ ബോധവത്കരണ ക്ലാസില്‍ പങ്കെടുപ്പിക്കാനും എംവിഡി തീരുമാനിച്ചു.

ഒരു സ്‌കൂട്ടറില്‍ അഞ്ചുപേരുമായി അപകടകരമായി യാത്ര ചെയ്ത കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. സ്‌കൂട്ടര്‍ ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതിന് പുറമെ പിഴയും ചുമത്തി. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അഞ്ചുപേരുടെയും രക്ഷിതാക്കളെ ബോധവത്കരണ ക്ലാസില്‍ പങ്കെടുപ്പിക്കാനും എംവിഡി തീരുമാനിച്ചു.


തൃക്കാക്കര പൈപ്പ് ലൈന്‍ റോഡിലായിരുന്നു 5 വിദ്യാര്‍ത്ഥികളുടെ അപകടകരമായ യാത്ര. ഒരാള്‍ സ്‌കൂട്ടര്‍ ഓടിക്കുകയും മറ്റു നാലുപേര്‍ അതില്‍ കയറുകയും ചെയ്തുള്ള യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടത്. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൃക്കാക്കരയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ് യാത്ര ചെയ്തതെന്ന് കണ്ടെത്തി.


തുടര്‍ന്ന് അഞ്ചുപേരെയും ആര്‍ ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി. സ്‌കൂട്ടര്‍ ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. അനുവദനീയമായതിലധികം പേരെ വാഹനത്തില്‍ കയറ്റിയതിന് ഉടമ 1000 രൂപയും ഹെല്‍മറ്റ് ധരിക്കാത്ത മൂന്നുപേര്‍ 500 രൂപ വീതവും പിഴ അടയ്ക്കണം.
പിഴ മാത്രമടച്ച് നടപടികളില്‍നിന്ന് ഒഴിവാകാനാകില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. വിദ്യാര്‍ത്ഥികളുടെ അപകടകരമായ യാത്രയെക്കുറിച്ച് രക്ഷിതാക്കളെയും ബോധവത്കരിക്കാനാണ് തീരുമാനം. ഇതിനായി അഞ്ചുപേരും മാതാപിതാക്കളോടൊപ്പം ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചു.