പൊലീസ് ഗുണ്ടായിസത്തിനെതിരെ നടപടി വേണം ; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും ; വധഭീഷണി മുഴക്കിയതിനെ ന്യായീകരിച്ച് അര്‍ജുന്‍ ആയങ്കി

കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരായി വധഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

 

പൊലീസ് ഗുണ്ടായിസത്തിനെതിരെ അദ്ദേഹം നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അര്‍ജുന്‍ ആയങ്കി കുറിച്ചു.

കോതമംഗലം എസ്എച്ച്ഒക്കെതിരായ ഭീഷണിയെ ന്യായീകരിച്ച് അര്‍ജുന്‍ ആയങ്കി. നിരപരാധിത്വം വ്യക്തമായിരുന്നിട്ടും ഒരു കൂട്ടം കുടുംബങ്ങളെ കണ്ണീര്‍ കുടിപ്പിച്ച് അധികാര ദുര്‍വിനിയോഗം നടത്തി കൊടിയ കുറ്റകൃത്യം ചെയ്തത് ആ പൊലീസുകാരനാണെന്ന് കുറിപ്പില്‍ പറയുന്നു. 10 പേരെ പാതിരാത്രിക്ക് പിടിച്ചുകൊണ്ടുപോയി ഭൂതകാലത്ത് ചെയ്ത കുറ്റകൃത്യങ്ങളുടെ ലിസ്റ്റെടുത്ത് ആറു പേര്‍ക്കെതിരെ കുറ്റം ചുമത്തി ജാമ്യം കിട്ടാതിരിക്കാന്‍ പാതിരാത്രി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്യിക്കുകയായിരുന്നുവെന്ന് അര്‍ജുന്‍ ആയങ്കി ആരോപിച്ചു. താന്‍ അനുകൂലിക്കുന്ന പാര്‍ട്ടിയുടെ കാവല്‍ സര്‍ക്കാരിന്റെ അവസാന ദിവസമായ മൂന്നാം തീയ്യതിയാണ് ഇത് സംഭവിച്ചത്. തന്റെ പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ കിട്ടാത്ത നീതി താനെതിര്‍ത്തിരുന്ന യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് കിട്ടുമെന്ന് പ്രതീക്ഷയില്ല എങ്കിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കും. പൊലീസ് ഗുണ്ടായിസത്തിനെതിരെ അദ്ദേഹം നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അര്‍ജുന്‍ ആയങ്കി കുറിച്ചു.

അതിനിടെ കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരായി വധഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി പോസ്റ്റില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. സമാധാനപരമായി പെന്‍ഷന്‍ വാങ്ങി ശിഷ്ട ജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ നേരത്തെയുള്ള പോസ്റ്റ്.

കുറിപ്പിന്റെ പൂര്‍ണരൂപം
'ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ആപ്തവാക്യം അലങ്കരിക്കുന്ന കോടതിമുറിയിലേക്ക് സത്യസന്ധമായി നിയമം നടപ്പിലാക്കേണ്ടുന്ന പോലീസുദ്യോഗസ്ഥന്‍ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താല്‍ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോള്‍ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്, പ്രാഥമിക അന്വേഷണത്തില്‍ പകല്‍ പോലെ വ്യക്തമായ നിരപരാധിത്വം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വഴങ്ങി ഒരു കൂട്ടം കുടുംബങ്ങളെ കണ്ണീര്‍ കുടിപ്പിച്ച അധികാര ദുര്‍വിനിയോഗം നടത്തി കൊടിയ കുറ്റകൃത്യം ചെയ്തത് ആ പോലീസുകാരനാണ്.

പത്ത് പേരെ പാതിരാത്രിക്ക് പിടിച്ചുകൊണ്ടുവന്ന് കേസ് ഹിസ്റ്ററി പരിശോധിച്ച് ഭൂതകാലത്ത് ചെയ്ത കുറ്റകൃത്യങ്ങളുടെ ലിസ്റ്റെടുത്ത് ആറുപേര്‍ക്കെതിരെ കുറ്റം ചുമത്തി ഒരു തരത്തിലും ജാമ്യം നേടി മോചിതരാവാതിരിക്കാന്‍ പാതിരാത്രി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്യിച്ച്, ജയിലില്‍ കിടക്കവെ ജാമ്യാപേക്ഷയില്‍ റിപ്പോര്‍ട്ട് ചോദിച്ച കോടതിയെ നാല് ദിവസം കാത്തിരിപ്പിച്ചു കുറ്റബോധമില്ലാതെ മനസ്സാക്ഷിക്കുത്തില്ലാതെ പരമാവധി ഞങ്ങളെ ജയിലില്‍ കിടത്തി ഉപദ്രവിച്ച, ഞങ്ങളുടെ വാഹനങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ച, മൊബൈലുകള്‍ പിടിച്ചെടുത്ത് ഉപജീവനം താറുമാറാക്കിയ, ആകെമൊത്തം ഒരൊറ്റ രാത്രികൊണ്ട് ഒരു പോലീസുകാരനാല്‍ ജീവിതം തലകീഴായിമറിഞ്ഞ ഒരു മനുഷ്യജീവിക്ക് അയാളോട് എന്ത് വികാരമാണ് തോന്നുക? അത് തന്നെയാണ് ഞാനെഴുതിയതും പറഞ്ഞതും പ്രകടിപ്പിച്ചതും.

സത്യം നടപ്പിലാക്കാന്‍ ബാധ്യസ്ഥനായ തൊഴില്‍ ധര്‍മ്മം മറന്ന് ഒരു കൂട്ടം മനുഷ്യരെ തന്റെ അധികാരം ഉപയോഗിച്ച് കൊടിയ ക്രൂരതയ്ക്കിരയാക്കിയ, അനേകം അമ്മമാരെയും ഭാര്യമാരെയും പ്രയാസത്തിലാക്കി വേദനിപ്പിച്ച നിയമവിരുദ്ധ കുറ്റം ചെയ്ത പൊലീസുകാരന്‍ ആ സേനയില്‍ തുടരാന്‍ അര്‍ഹനല്ല. അത് ഈ നാടിന് തന്നെ ഭീഷണിയാണ്. നിങ്ങള്‍ക്കിത് നിരന്തരം കേള്‍ക്കുമ്പോള്‍ മടുക്കാം. ബാധിക്കപ്പെട്ട അനുഭവിച്ച നമ്മള്‍ക്ക് അതങ്ങനെ മറക്കാനോ പൊറുക്കാനോ സാധിക്കുന്നതല്ല, ഇന്നലെ ഞങ്ങളെങ്കില്‍ നാളെ നിങ്ങളിലൊരാള്‍ ആയിരിക്കും. ഇനിയൊരാള്‍ക്കും നമ്മുടെ ഗതിയുണ്ടാവരുത് എന്ന ദൃഢനിശ്ചയത്തിന്റെ പ്രതീക്ഷയുടെ ഭാഗമായിട്ടാണ് ഈ നിയമപോരാട്ടം ഞങ്ങളാരംഭിക്കുന്നത്.

പറഞ്ഞുവരുമ്പോള്‍ ഞാന്‍ അനുകൂലിക്കുന്ന എന്റെ പാര്‍ട്ടിയുടെ കാവല്‍ സര്‍ക്കാരിന്റെ അവസാനദിവസമായ മൂന്നാം തീയ്യതിയാണ് ഇത് സംഭവിച്ചത്, അതുകൊണ്ട് എന്റെ പാര്‍ട്ടിയാണ് ഇതിനുത്തരവാദി എന്നാണ് യുഡിഎഫ് ന്യായം എങ്കില്‍ എന്റെ പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ എനിക്ക് കിട്ടാത്ത നീതി ഞാനെതിര്‍ത്തിരുന്ന യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയില്ല, എന്നിരുന്നാലും ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയ്ക്ക് മുന്‍പാകെ ഞാന്‍ ഈ വിഷയത്തിന്മേല്‍ നിവേദനം നല്‍കും, ഈ പച്ചയായ പോലീസ് ഗുണ്ടായിസത്തിനെതിരെ അദ്ദേഹം നടപടിയെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

കൂടാതെ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പോലീസ് മേധാവിയ്ക്കും ഈ അന്യായത്തിനെതിരെ സാധ്യമായ ഇടങ്ങളിലെല്ലാം പരാതി ബോധിപ്പിച്ച് ഈ കൊടിയ നിയമവിരുദ്ധ അരാജക പ്രവര്‍ത്തിക്കെതിരെ നീതി ലഭിക്കും വരെ പ്രയത്‌നിക്കും, ഇത് കേവലമൊരു രാഷ്ട്രീയ പകപോക്കലോ വ്യക്തിവിരോധമോ മാത്രമല്ല കൈക്കൂലി വാങ്ങിയിട്ടുള്ള കൊട്ടേഷന്‍ പ്രവര്‍ത്തനമാണോ എന്നും ഞാന്‍ സംശയിക്കുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഏതൊരു സാധാരണക്കാരനും വിശ്വാസവും പ്രതീക്ഷയും കൈവിടാതിരിക്കാന്‍ സത്യം ജയിച്ചേ പറ്റൂ. ദുരിതപര്‍വ്വമാണ് മുന്നിലെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇറങ്ങിപ്പുറപ്പെട്ട ജീവിത സമരമാണിത്. രാഷ്ട്രീയ ഭേദമന്യേ നീതിബോധമുള്ള സകല മനുഷ്യരും ഐക്യപ്പെടുക എന്നഭ്യര്‍ത്ഥിക്കുന്നു'