കെ ഇ ഇസ്മയിലിനെതിരെ നടപടിക്ക് സാധ്യത

വിഷയത്തില്‍ അന്തിമ തീരുമാനം സിപിഐ സംസ്ഥാന കമ്മിറ്റിക്ക് വിട്ടു.
 

മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയിലിനെതിരെ നടപടിക്ക് സാധ്യത. കെ ഇ ഇസ്മായിലിനെ ജില്ലാ കൗണ്‍സില്‍ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്തു. വിമതരെ സഹായിക്കുകയും നിരന്തരം പാര്‍ട്ടിവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ആവശ്യം. ജില്ലാ സമ്മേളനത്തിനു മുന്‍പും ശേഷവും ഇസ്മായിലിന്റെ നിലപാടുകള്‍ പാര്‍ട്ടിയിലെ സൗഹാര്‍ദം ഇല്ലാതാക്കിയെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു. വിഷയത്തില്‍ അന്തിമ തീരുമാനം സിപിഐ സംസ്ഥാന കമ്മിറ്റിക്ക് വിട്ടു.

നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തടി രക്ഷപ്പെടാന്‍ കുറ്റം മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവെക്കുകയാണെന്ന കെ ഇ ഇസ്മായിലിന്റെ പരാമര്‍ശം ചര്‍ച്ചയായിരുന്നു. മന്ത്രിമാരെല്ലാം പരിശുദ്ധന്മാരും നൂറ് ശതമാനം പരിപൂര്‍ണരുമാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും കെ ഇ ഇസ്മയില്‍ പറഞ്ഞിരുന്നു. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരുത്തിയില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തം ചിന്തിക്കുന്നതിനേക്കാള്‍ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.