ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള നടപടി താക്കീതിലൊതുങ്ങും

കെപിസിസിയുടെ വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു.
 

കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയ ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള നടപടി താക്കീതിലൊതുങ്ങും. കര്‍ശന താക്കീത് നല്‍കണമെന്നാണ് അച്ചടക്കസമിതിയുടെ ശുപാര്‍ശ. അച്ചടക്കസമിതി റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറി.

കെപിസിസിയുടെ വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയും പോഷക സംഘടന ഭാരവാഹികളും അടക്കം ഷൗക്കത്തിനെതിരെ നടപടി വേണമെന്നുള്ള ആവശ്യം അച്ചടക്ക സമിതിയില്‍ ഉന്നയിച്ചെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് കര്‍ശന താക്കീത് മതി എന്നുള്ളതാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശുപാര്‍ശ.

കെപിസിസിക്ക് കൈമാറിയ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി എന്തെന്നുള്ളത് നേതൃത്വം ആണ് തീരുമാനിക്കേണ്ടത്. കര്‍ശന താക്കീത് മാത്രം മതിയോ എന്നുള്ളതും സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാം. അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരായ ആര്യാടന്‍ ഷൗക്കത്ത് തനിക്ക് തെറ്റുപറ്റി എന്നും ഖേദം പ്രകടിപ്പിക്കുന്നു എന്നുള്ളതും അറിയിക്കുകയും അത് എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് താക്കീതിലേയ്ക്ക് നടപടി ഒതുക്കുന്നത്.