കൃത്യമായ പ്രവചനം ; എങ്ങനെയെന്ന ചോദ്യത്തിന് മറുപടിയുമായി സി പി റാഷിദ്

ഈ രീതിയെ മറ്റുള്ളവര്‍ക്ക് പറഞ്ഞു ബോധ്യപ്പെടുത്തുക അസാധ്യമാണെങ്കിലും, സ്വബോധ്യത്തിലൂന്നിയുള്ള ആത്മവിശ്വാസമാണ് ഈ ഏര്‍പ്പാട് തുടരാന്‍ സഹായിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു.

 

ഒരു ഘട്ടം വരെ തന്റെ പ്രവചനങ്ങള്‍ കൃത്യമായ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അതിനാല്‍ അവ ശാസ്ത്രീയമാണെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെയും ട്രെന്‍ഡുകള്‍ കൃത്യമായി പ്രവചിച്ച സിപി റാഷിദ് ഇത്തവണയും തന്റെ വിലയിരുത്തലുകളില്‍ നൂറ് ശതമാനം കൃത്യത പുലര്‍ത്തിയിരിക്കുകയാണ്. യുഡിഎഫ് 91 മുതല്‍ 102 സീറ്റുകള്‍ വരെ നേടുമെന്ന റാഷിദിന്റെ പ്രവചനം ശരിവെച്ച് നിലവില്‍ 102 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. എല്‍ഡിഎഫ് 38 മുതല്‍ 48 സീറ്റുകളിലേക്ക് ഒതുങ്ങുമെന്ന നിഗമനവും (നിലവില്‍ 35 സീറ്റ്), എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ നേടുമെന്ന പ്രവചനവും (മൂന്ന് സീറ്റില്‍ വിജയം) ഏതാണ്ട് പൂര്‍ണ്ണമായും കൃത്യമായി.

തന്റെ മെത്തേഡ് എന്താണെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയായി റാഷിദ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ഒരു ഘട്ടം വരെ തന്റെ പ്രവചനങ്ങള്‍ കൃത്യമായ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അതിനാല്‍ അവ ശാസ്ത്രീയമാണെന്നും അദ്ദേഹം പറയുന്നു. കണക്കുകള്‍ക്ക് അപ്പുറമുള്ള ശൂന്യതയില്‍ സ്വന്തം ബോധ്യങ്ങളും നിഗമനങ്ങളുമാണ് തന്നെ നയിക്കുന്നത്. ഈ നിഗമനങ്ങളില്‍ നിന്നാണ് സീറ്റുകളുടെ എണ്ണവും ശതമാനവും തീരുമാനിക്കുന്നത്.

ഈ രീതിയെ മറ്റുള്ളവര്‍ക്ക് പറഞ്ഞു ബോധ്യപ്പെടുത്തുക അസാധ്യമാണെങ്കിലും, സ്വബോധ്യത്തിലൂന്നിയുള്ള ആത്മവിശ്വാസമാണ് ഈ ഏര്‍പ്പാട് തുടരാന്‍ സഹായിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. തന്റെ നിഗമനങ്ങളില്‍ വ്യക്തത വരുത്താന്‍ നിരവധി സാധാരണക്കാരോടും മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കാറുണ്ട്. അവര്‍ പങ്കുവെച്ച അനുഭവങ്ങളും സോഷ്യല്‍ മീഡിയയിലെ തര്‍ക്കങ്ങള്‍ പോലും തന്റെ വിശകലനത്തിന് സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2001-നു ശേഷം ഇടതുപക്ഷത്തേക്ക് അടുത്ത ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ പൂര്‍ണ്ണമായും യുഡിഎഫിലേക്ക് തിരികെപ്പോകുമെന്ന് അദ്ദേഹം കൃത്യമായി നിരീക്ഷിച്ചിരുന്നു.

രാഷ്ട്രീയ നിലപാടിലെ അസ്ഥിരത മൂലം ഇടത് രാഷ്ട്രീയ ബോധ്യമുള്ളവര്‍ നിരാശരായെന്നും, ഇത് പയ്യന്നൂര്‍, അമ്പലപ്പുഴ, തളിപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളിലെ യുഡിഎഫ് വിജയത്തിന് കാരണമായെന്നും അദ്ദേഹം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിഗത ഗ്രാഫില്‍ വലിയ ഇടിവുണ്ടാകുമെന്ന പ്രവചനവും ശരിയായി. പാര്‍ട്ടി ഹൃദയഭൂമിയില്‍പ്പോലും മുന്‍പത്തെ ഭൂരിപക്ഷത്തിലേക്ക് എത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല എന്നത് ഇതിന് തെളിവായി റാഷിദ് ചൂണ്ടിക്കാട്ടുന്നു.