“മദ്യലഹരിയിലുണ്ടായ അപകട മരണം ; നടൻ സിദ്ധാർഥ് പ്രഭുവിന്റെ അറസ്റ്റ് നീക്കത്തിൽ പൊലീസ് , മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി 

മദ്യലഹരിയിൽ ഓടിച്ച വാഹനമിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭുവിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പാണ് ചുമത്തിയത്. പുതുക്കിയ എഫ്ഐആർ ഇന്ന് വൈകുന്നേരം കോടതിയിൽ സമർപ്പിക്കും. സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ആരംഭിച്ചുകഴിഞ്ഞു
 

കോട്ടയം: മദ്യലഹരിയിൽ ഓടിച്ച വാഹനമിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭുവിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പാണ് ചുമത്തിയത്. പുതുക്കിയ എഫ്ഐആർ ഇന്ന് വൈകുന്നേരം കോടതിയിൽ സമർപ്പിക്കും. സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ആരംഭിച്ചുകഴിഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു ലോട്ടറി വിൽപ്പക്കാരനായിരുന്ന തങ്കരാജ് മരിച്ചത്. ഡിസംബര്‍ 24-നാണ് മദ്യലഹരിയില്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനം തങ്കരാജിനെ ഇടിച്ചുതെറിപ്പിച്ചത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചിങ്ങവനം പൊലീസ് സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.അപകടത്തിന് പിന്നാലെ ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും സിദ്ധാര്‍ത്ഥ് ആക്രമിച്ചിരുന്നു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഡിസംബർ 24-ന് രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സംഭവമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ സിദ്ധാര്‍ത്ഥും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സിദ്ധാര്‍ത്ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സിദ്ധാര്‍ത്ഥ് പ്രഭു. മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ബാലതാരമായി എത്തിയ സിദ്ധാര്‍ത്ഥ് പരമ്പരയില്‍ മഞ്ജു പിളളയുടെ മകനായാണ് അഭിനയിച്ചിരുന്നത്. പിന്നീട് ചില സിനിമകളിലും വേഷമിട്ടു. അടുത്തിടെയാണ് ഉപ്പും മുളകും പരമ്പരയില്‍ അഭിനയം ആരംഭിച്ചത്. സീരിയലില്‍ കേന്ദ്ര കഥാപാത്രമായ ലക്ഷ്മിയുടെ ഭര്‍ത്താവായാണ് സിദ്ധാര്‍ത്ഥ് വേഷമിടുന്നത്.