ശനിയാഴ്ച ക്ലാസ് നടന്നില്ല; 4 വർഷ ബിരുദം അക്കാദമിക കലണ്ടർ പിഴച്ചു
നാലുവര്‍ഷ ബിരുദത്തിന്റെ ആദ്യപരീക്ഷ താളം തെറ്റാൻ സാധ്യത . താളംതെറ്റാനുള്ള സാഹചര്യമുണ്ടാക്കിയത് ശനിയാഴ്ച ക്ലാസുകള്‍ എടുക്കാത്തത്. മഴക്കെടുതി ഉള്‍പ്പെടെയുള്ള പ്രാദേശികകാരണങ്ങളാല്‍ പഠനം മുടങ്ങിയാല്‍ ശനിയാഴ്ച പകരം ക്ലാസുകളെടുത്ത് പഠനനഷ്ടം പരിഹരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഒരു സര്‍വകലാശാലയും ഫലപ്രദമായി നടപ്പാക്കിയില്ല
തിരുവനന്തപുരം: നാലുവര്‍ഷ ബിരുദത്തിന്റെ ആദ്യപരീക്ഷ താളം തെറ്റാൻ സാധ്യത . താളംതെറ്റാനുള്ള സാഹചര്യമുണ്ടാക്കിയത് ശനിയാഴ്ച ക്ലാസുകള്‍ എടുക്കാത്തത്. മഴക്കെടുതി ഉള്‍പ്പെടെയുള്ള പ്രാദേശികകാരണങ്ങളാല്‍ പഠനം മുടങ്ങിയാല്‍ ശനിയാഴ്ച പകരം ക്ലാസുകളെടുത്ത് പഠനനഷ്ടം പരിഹരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഒരു സര്‍വകലാശാലയും ഫലപ്രദമായി നടപ്പാക്കിയില്ല. ഇടതുഭൂരിപക്ഷമുള്ള സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകളോ അധ്യാപകസംഘടനകളോ ശനിയാഴ്ച ക്ലാസുകള്‍ക്ക് മുന്‍കൈയെടുത്തില്ലെന്നാണ് ഉന്നതവിദ്യാഭ്യാസവകുപ്പില്‍ തന്നെയുള്ള വിമര്‍ശനം
ഇതെല്ലാം ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച മന്ത്രി ആര്‍. ബിന്ദുവിന്റെ സാന്നിധ്യത്തില്‍ സര്‍വകലാശാലാ പ്രതിനിധികളുടെ ഉന്നതതലയോഗം നടക്കും. പുതിയ പരിഷ്‌കാരത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് അക്കാദമികചുമതലകള്‍ നിറവേറ്റുന്നതിലും അധ്യാപകര്‍ക്കു വീഴ്ചസംഭവിച്ചിട്ടുണ്ടെന്നാണ് വിമര്‍ശനം. അക്കാദമിക കലണ്ടര്‍ അനുസരിച്ച് നവംബര്‍ അഞ്ചിന് പരീക്ഷ തുടങ്ങണം. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഡിസംബര്‍ 22-നുള്ളില്‍ ഫലപ്രഖ്യാപനം നടത്തണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരീക്ഷതുടങ്ങുന്നത് രണ്ടാഴ്ചയെങ്കിലും നീട്ടിവെക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
പരീക്ഷ നീട്ടിവെക്കാനുള്ള ആവശ്യവുമായി സി.പി.എം. അനുകൂല അധ്യാപകസംഘടനകളാണ് രംഗത്തുവന്നത്. മതിയായ പഠനദിനങ്ങള്‍ ഉറപ്പാക്കാതെ നവംബര്‍ 22-നുള്ളില്‍ പരീക്ഷ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചാല്‍ നാലുവര്‍ഷബിരുദം മുന്നോട്ടുവെക്കുന്ന ഗുണപരമായ പഠനം ഉറപ്പാക്കാനാവില്ലെന്ന് മന്ത്രി ആര്‍. ബിന്ദുവിനു നല്‍കിയ നിവേദനത്തില്‍ എ.കെ.പി.സി.ടി.എ. ചൂണ്ടിക്കാട്ടി. മൂല്യനിര്‍ണയത്തെയും ഫലപ്രഖ്യാപനത്തെയും ബാധിക്കാത്തവിധത്തില്‍ പരീക്ഷ പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു.