എബിവിപി പ്രവര്‍ത്തകനായിരുന്ന വിശാല്‍ വധക്കേസ്: പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയം; വിധി പകര്‍പ്പ് പുറത്ത്

 

കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധത്തെക്കുറിച്ചും അവ്യക്തതയുണ്ട്.

 

ഗൂഢാലോചനയും നിയമവിരുദ്ധമായ ഒത്തുചേരലും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. 

എബിവിപി പ്രവര്‍ത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം. സാക്ഷി മൊഴിയില്‍ വൈരുദ്ധ്യമുള്ളതായി കോടതി പറഞ്ഞു. പൊതുസ്ഥലത്ത് നടന്ന കുറ്റകൃത്യത്തില്‍ പ്രോസിക്യൂഷന് താത്പര്യമുള്ളവരെ മാത്രം സാക്ഷികളാക്കി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധത്തെക്കുറിച്ചും അവ്യക്തതയുണ്ട്. ഗൂഢാലോചനയും നിയമവിരുദ്ധമായ ഒത്തുചേരലും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. 

വിശാല്‍ കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ടായിരുന്നു കോടതി വിധി. 'മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു' എന്ന ഒറ്റവരിയിലായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്ന ഇരുപത് പേരായിരുന്നു കേസിലെ പ്രതികള്‍. സംഭവം നടന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറഞ്ഞത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് നേരത്തേ പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

2012 ജൂലൈ പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ ഒരുക്കിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിശാലിനെ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. വിശാലിനൊപ്പം ഉണ്ടായിരുന്ന എബിവിപി പ്രവര്‍ത്തകരായിരുന്ന വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് ആയിരുന്നു കേസ് അന്വേഷിച്ചത്. പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെത്തുടര്‍ന്ന് കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. കേസിലെ ഇരുപത് പ്രതികളും നിലവില്‍ ജാമ്യത്തിലാണ്.