അഭിറാം കൊലക്കേസ് ;  പ്രതിയായ ഉമര്‍ മുഫ്താറിനെ കൊല നടന്ന വയലിലെത്തിച്ച് തെളിവെടുപ്പ് നടത്തി

2026 നവംബര്‍ 1-ന് സുഹൃത്തിനെ കാണാന്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അഭിറാമിനെ പിന്നീട് കാണാതാവുകയായിരുന്നു.

 

മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടികരഞ്ഞ ഉമര്‍ തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നും, കൊല്ലപ്പെട്ട അഭിറാമിനെ തനിക്ക് അറിയില്ലെന്നും പറഞ്ഞു.

പാങ്ങപ്പാറ അഭിറാം കൊലകേസില്‍ രണ്ടാം പ്രതിയായ ഉമര്‍ മുഫ്താറിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷ്ണറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘം ആദ്യം ഉമറിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കൊല നടന്ന ആളൊഴിഞ്ഞ വയലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടികരഞ്ഞ ഉമര്‍ തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നും, കൊല്ലപ്പെട്ട അഭിറാമിനെ തനിക്ക് അറിയില്ലെന്നും പറഞ്ഞു. ഉമറിനെ നാളെ വീണ്ടും കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

2026 നവംബര്‍ 1-ന് സുഹൃത്തിനെ കാണാന്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അഭിറാമിനെ പിന്നീട് കാണാതാവുകയായിരുന്നു.നവംബര്‍ 2-ന് പാങ്ങപ്പാറയിലെ വിജനമായ ഒരു തോട്ടത്തില്‍ ചാക്കില്‍ കെട്ടി വാഴയിലകള്‍ കൊണ്ട് മൂടിയ നിലയില്‍ അഭിറാമിന്റെ മൃതദേഹം കണ്ടെത്തി. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പ്രതികള്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിട്ടത് അഭിറാമിനെ ആയിരുന്നില്ല, മറിച്ച് അഭിറാമിന്റെ മറ്റൊരു സുഹൃത്തിനെയായിരുന്നു.

കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന്റെ മുന്‍ കാമുകിയുമായി അഭിറാമിന്റെ സുഹൃത്ത് അടുത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കൂടാതെ ഈ പെണ്‍കുട്ടിയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഇതിന് കാരണമായതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.