അഭിറാം കൊലക്കേസ് ; പ്രതിയായ 17 കാരന്റെ ജാമ്യാപേക്ഷ തള്ളി ; പ്രായപൂര്‍ത്തിയായ ആളുടെ മാനസികാവസ്ഥയെന്ന് വിലയിരുത്തല്‍
പ്രതിക്ക് വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസ്സങ്ങളുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഒരു കുറ്റവാളിക്ക് സമാനമാണ് പ്രതിയുടെ മാനസീകാവസ്ഥയെന്ന കൗണ്‍സിലിംഗ് നടത്തിയ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ബോര്‍ഡിന്റെ ഉത്തരവ്.
പാങ്ങപ്പാറയില്‍ 17 കാരനായ അഭിറാമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളി. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. പ്രായപൂര്‍ത്തിയായ ഒരു കുറ്റവാളിക്ക് സമാനമാണ് പ്രതിയുടെ മാനസീകാവസ്ഥയെന്ന കൗണ്‍സിലിംഗ് നടത്തിയ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ബോര്‍ഡിന്റെ ഉത്തരവ്.
പ്രതിക്ക് വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസ്സങ്ങളുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നേരത്തെ 17കാരനായ പ്രതിയുടെ മാനസികനില വിശദമായി പരിശോധിക്കുന്നതിനായി കോടതി പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. അവിടെ നടന്ന പരിശോധനകള്‍ക്കും കൗണ്‍സിലിംഗിനും ശേഷമാണ് ഡോക്ടര്‍മാരുടെ സംഘം ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രായപൂര്‍ത്തിയാകാത്തയാളെന്ന ആനുകൂല്യം നല്‍കി പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ശരിവെച്ചുകൊണ്ടാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം നിഷേധിച്ചത്.