അബ്ദുൾ റഹീമിന്റെ ജയിൽമോചനം വൈകും

സൗദി പൗരന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിയാദ് ജയിലില്‍ തടവിലായിരുന്ന അബ്ദുള്‍ റഹീമിന്റെ മോചനം വൈകും. വലിയ പെരുന്നാള്‍ കഴിഞ്ഞാകും റഹീമിന്റെ മോചനം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായില്ല. ഇന്ന് മുതല്‍ സൗദിയില്‍ പൊതു അവധി ആരംഭിക്കുകയാണ്. അവധി കഴിഞ്ഞാകും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവുക

 

റിയാദ്: സൗദി പൗരന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിയാദ് ജയിലില്‍ തടവിലായിരുന്ന അബ്ദുള്‍ റഹീമിന്റെ മോചനം വൈകും. വലിയ പെരുന്നാള്‍ കഴിഞ്ഞാകും റഹീമിന്റെ മോചനം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായില്ല. ഇന്ന് മുതല്‍ സൗദിയില്‍ പൊതു അവധി ആരംഭിക്കുകയാണ്. അവധി കഴിഞ്ഞാകും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവുക. ഇന്നലെ രാത്രിയോടെ അബ്ദുള്‍ റഹീമിന്റെ ഇരുപത് വര്‍ഷം നീണ്ട ജയില്‍വാസം പൂര്‍ത്തിയായിരുന്നു. ജയില്‍മോചന ഉത്തരവ് വന്നയുടന്‍ താല്‍ക്കാലിക എക്‌സിറ്റ് വിസ നേടി റഹീമിനെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

2006 ഡിസംബര്‍ 24-നാണ് സൗദി ബാലന്‍ അനസ് അല്‍ ശഹ്രി കൊല്ലപ്പെട്ട കേസില്‍ റഹീം ജയിലിലാകുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിങിനായി പുറത്തുപോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

വധശിക്ഷയായിരുന്നു കോടതി റഹീമിന് വിധിച്ചത്. എന്നാല്‍ ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) മോചനദ്രവ്യമായി നല്‍കിയതിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ റിയാദ് കോടതി റദ്ദാക്കി. വധശിക്ഷ ഒഴിവാക്കിയ കോടതി റഹീം 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. എന്നാല്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിന് ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 26നായിരുന്നു കോടതി വിധി വന്നത്. ആ തടവുകാലമാണ് ഇന്നലെയോടെ അവസാനിച്ചത്.