വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍  പിടി വീഴും;  10,000 രൂപ പിഴ ചുമത്താനൊരുങ്ങി സര്‍ക്കാര്‍

വളര്‍ത്തു നായയെ വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്കും ലൈസന്‍സില്ലാതെ അവയെ വളര്‍ത്തുന്നവര്‍ക്കുമെതിരെ 10,000 രൂപ പിഴ ചുമത്താനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനു പുറമെ അനുമതിയില്ലാതെ ബ്രീഡിങ് കേന്ദ്രങ്ങളോ പെറ്റ് ഷോപ്പുകളോ നടത്തുന്നതിനും 10,000 രൂപ വരെ പിഴ ചുമത്തും. തെരുവുനായ നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം.

 

തിരുവനന്തപുരം:വളര്‍ത്തു നായയെ വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്കും ലൈസന്‍സില്ലാതെ അവയെ വളര്‍ത്തുന്നവര്‍ക്കുമെതിരെ 10,000 രൂപ പിഴ ചുമത്താനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനു പുറമെ അനുമതിയില്ലാതെ ബ്രീഡിങ് കേന്ദ്രങ്ങളോ പെറ്റ് ഷോപ്പുകളോ നടത്തുന്നതിനും 10,000 രൂപ വരെ പിഴ ചുമത്തും. തെരുവുനായ നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം.

വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സിങ്ങും പ്രതിരോധ കുത്തിവെപ്പും നിര്‍ബന്ധമാക്കും. ഉടമസ്ഥര്‍ ഉപേക്ഷിക്കുന്ന നായ്ക്കളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയും പരിഗണനയിലാണ്. പിഴ നടപ്പാക്കാനായി കേരള പഞ്ചായത്തിരാജ് ആക്റ്റിലും കേരള മുനിസിപ്പാലിറ്റി ആക്റ്റിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും കണക്കുപ്രകാരം സംസ്ഥാനത്ത് നിലവില്‍ 8 ലക്ഷത്തോളം വളര്‍ത്തുനായ്ക്കളും 4 ലക്ഷത്തോളം തെരുവുനായ്ക്കളുമുണ്ട്.

നായകളെ പിടികൂടി പാര്‍പ്പിക്കാന്‍ ആവശ്യത്തിന് ഷെല്‍ട്ടറുകളില്ലാത്തതാണ് നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിന് പരിഹാരമായി വന്ധ്യംകരണ (എബിസി) കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. സ്ഥിരം കേന്ദ്രങ്ങളില്ലാത്ത ജില്ലകള്‍ക്കായി കൂടുതല്‍ മൊബൈല്‍ എബിസി യൂണിറ്റുകള്‍ ലഭ്യമാക്കും. തെരുവുനായകള്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ ഭക്ഷണം നല്‍കാനുള്ള പ്രത്യേക ഫീഡിങ് സോണുകളും നിര്‍ണയിക്കും.