എഐസിസി ആസ്ഥാനത്ത്  വന്ദേമാതരം മുഴുവനായി പാടിയതില്‍ രൂക്ഷ വിമര്‍ശനവുമായി എ എ റഹീം

 

 കൊച്ചി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം മുഴുവനായി പാടിയതില്‍ രൂക്ഷ വിമര്‍ശനവുമായി എ എ റഹീം എം പി. ക്ലാരിറ്റിയല്ല കണ്‍ഫ്യൂഷനാണ് കോണ്‍ഗ്രസിനെ എന്നും നയിക്കുന്നതെന്നും ഒന്നിലുറച്ചുനില്‍ക്കണമെന്നും റഹീം വിമര്‍ശിച്ചു. വന്ദേമാതരത്തിന്റെ കാര്യത്തിലും ബാബരി മസ്ജിദിന്റെ കാര്യത്തിലും കോണ്‍ഗ്രസിന് ഈ കണ്‍ഫ്യൂഷന്‍ ഉണ്ട്. വന്ദേമാതരം പൂര്‍ണ്ണമായും പാടുന്നത് സംഘപരിവാര്‍ അജണ്ടയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ട്. പറഞ്ഞത് ഒന്നും പാടുന്നത് വേറൊന്നാണെന്നും റഹീം വിമര്‍ശിച്ചു.

'ക്ലാരിറ്റിയല്ല കണ്‍ഫ്യൂഷനാണ് കോണ്‍ഗ്രസ്സിനെ എന്നും നയിക്കുന്നത്. വന്ദേ മാതരത്തിന്റെ കാര്യത്തിലായാലും, ബാബരി മസ്ജിദിന്റെ കാര്യത്തിലായാലും എല്ലാം കോണ്‍ഗ്രസ്സിന് ഈ കണ്‍ഫ്യൂഷനുണ്ട്. വന്ദേ മാതരം പൂര്‍ണ്ണമായും പാടുന്നത് സംഘപരിവാര്‍ അജണ്ടയാണെന്ന് പറഞ്ഞിട്ടുണ്ട് കോണ്‍ഗ്രസ്സ്. പറഞ്ഞത് ഒന്ന് പാടുന്നത് വേറൊന്ന്. ഒന്നിലുറച്ചു നില്‍ക്കണം സര്‍. 

ഓര്‍മ്മകള്‍ ഉണ്ടാകണം, സ്വാതന്ത്ര്യ സമര കാലത്ത്, 1937-ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗമാണ് വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് സ്റ്റാന്‍സകള്‍ മാത്രം ദേശസ്‌നേഹത്തിന്റെ അടയാളമായി ആലപിക്കാന്‍ തീരുമാനമെടുത്തത്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെന്ന മഹത്തായ സങ്കല്‍പ്പത്തിന് മുറിവേല്‍ക്കാതിരിക്കാനായിരുന്നു അന്ന് ആ നിലപാടെടുത്തത്', എ എ റഹീം കുറിച്ചു.

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിക്കുന്നത് സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇടപെട്ട് തടയാന്‍ ശ്രമിച്ചെങ്കിലും മൂന്ന് മിനിറ്റ് ഗാനം പൂര്‍ണമായും ചൊല്ലുകയായിരുന്നു. ആദ്യ രണ്ട് സ്റ്റാന്‍സ കഴിഞ്ഞ് പ്രത്യേക മതവിഭാഗത്തിലെ ദൈവങ്ങളെ പ്രകീര്‍ത്തിക്കുന്ന വരികള്‍ എത്തിയപ്പോള്‍ സോണിയാഗാന്ധി ഇടപെടുകയായിരുന്നു. ഖര്‍ഗെ ആദ്യം നീരസം പ്രകടിപ്പിച്ചെങ്കിലും വന്ദേമാതരം മുഴുവന്‍ ആലപിച്ചു.