എ.എ. അസീസിന് ക്യാബിനറ്റ് പദവി വേണം; യുഡിഎഫിന് കത്ത് നൽകി ആർഎസ്പി
ക്യാബിനറ്റ് റാങ്കോടെയുള്ള പദവി ആവശ്യപ്പെട്ട് ആർഎസ്പി (RSP) യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി. മറ്റ് ഘടകകക്ഷികൾക്ക് ക്യാബിനറ്റ് പദവി അനുവദിക്കുമ്പോൾ അതിന് ആർഎസ്പിക്കും അർഹതയുണ്ടെന്നും, പാർട്ടി അഖിലേന്ത്യ പ്രസിഡന്റ് എ.എ. അസീസിന് ക്യാബിനറ്റ് പദവി നൽകണമെന്നുമാണ് കത്തിലെ ആവശ്യം. യുഡിഎഫ് ചെയർമാനായ മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർക്കാണ് കത്ത് കൈമാറിയത്.
തിരുവനന്തപുരം: ക്യാബിനറ്റ് റാങ്കോടെയുള്ള പദവി ആവശ്യപ്പെട്ട് ആർഎസ്പി (RSP) യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി. മറ്റ് ഘടകകക്ഷികൾക്ക് ക്യാബിനറ്റ് പദവി അനുവദിക്കുമ്പോൾ അതിന് ആർഎസ്പിക്കും അർഹതയുണ്ടെന്നും, പാർട്ടി അഖിലേന്ത്യ പ്രസിഡന്റ് എ.എ. അസീസിന് ക്യാബിനറ്റ് പദവി നൽകണമെന്നുമാണ് കത്തിലെ ആവശ്യം. യുഡിഎഫ് ചെയർമാനായ മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർക്കാണ് കത്ത് കൈമാറിയത്.
ക്യാബിനറ്റ് റാങ്ക് പദവികൾ വർദ്ധിപ്പിക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെങ്കിലും, മുതിർന്ന നേതാക്കൾക്ക് ക്യാബിനറ്റ് റാങ്ക് നൽകുന്ന സംവിധാനം യുഡിഎഫ് കൊണ്ടുവരികയാണെങ്കിൽ എ.എ. അസീസിന് അത് നൽകണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ചെയർമാനെയും കൺവീനറെയും സമീപിക്കുമെന്ന് എംപി എൻ.കെ. പ്രേമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആർഎസ്പി ഔദ്യോഗികമായി കത്ത് നൽകിയത്.
സംസ്ഥാനത്തെ ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും നിയമനങ്ങളിൽ കാലതാമസം നേരിടുന്നതിൽ ആർഎസ്പി നേരത്തെ തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ മാസം തന്നെ ഉഭയകക്ഷി ചർച്ചകളിലൂടെ നിയമന വിഷയങ്ങൾ പരിഹരിക്കണമെന്നും, നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനും സമവായത്തിലൂടെ തീരുമാനങ്ങൾ എടുക്കാനും യുഡിഎഫ് യോഗങ്ങൾ പതിവായി വിളിച്ചുചേർക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.