വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികനെ കണ്ടെത്തി
ബെംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്.
സാമ്പത്തിക പ്രയാസം മൂലമാണ് താന്‍ മാറിനിന്നത് എന്നാണ് വിഷ്ണു അന്വേഷണ സംഘത്തെ അറിയിച്ചത്.
വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തി. പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ ബെംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലമാണ് താന്‍ മാറിനിന്നത് എന്നാണ് വിഷ്ണു അന്വേഷണ സംഘത്തെ അറിയിച്ചത്.
പൂനെയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ഡിസംബര്‍ പതിനേഴാം തിയ്യതി മുതല്‍ വിഷ്ണുവിനെ കാണാനില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശിയായ വിഷ്ണു വിവാഹ ഒരുക്കങ്ങള്‍ക്കായാണ് അവധി എടുത്തതിനുശേഷം നാട്ടിലേക്ക് തിരിച്ചിരുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്റെ മേല്‍നോട്ടത്തില്‍ എലത്തൂര്‍ എസ് എച്ച് ഒ അനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
രണ്ട് സൈബര്‍ വിദഗ്ധരടക്കം എലത്തൂര്‍ എസ് ഐ സിയാദിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ആഴ്ച പൂനെയിലേക്ക് പോയിരുന്നു. പിന്നീടാണ് ബെംഗളുരുവില്‍ എത്തിയത്. കുടുംബാംഗങ്ങളുമായി സംസാരിച്ച വിഷ്ണുവിനെ ഇന്ന് കോഴിക്കോട് എത്തിച്ച് കോടതിയില്‍ ഹാജരാക്കും.