ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളി; 'ഡൽഹിയിലെന്ന്' പറഞ്ഞ് കെസിയെ കാണാൻ രമ്യ ഹരിദാസ് പാലക്കാട്ടെത്തി; അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം
ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളി അന്വേഷിക്കുന്ന കെപിസിസി സമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യ ഹരിദാസ് എംഎൽഎ. ഡൽഹിയിലാണെന്ന് അറിയിച്ച രമ്യ, ഞായറാഴ്ച രാത്രി രഹസ്യമായി പാലക്കാട്ടെത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളി അന്വേഷിക്കുന്ന കെപിസിസി സമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യ ഹരിദാസ് എംഎൽഎ. ഡൽഹിയിലാണെന്ന് അറിയിച്ച രമ്യ, ഞായറാഴ്ച രാത്രി രഹസ്യമായി പാലക്കാട്ടെത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി.തനിക്കെതിരെയും പാർട്ടിതലത്തിൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനകൾ ശക്തമായതോടെയാണ് നേതൃത്വത്തിന്റെ അതൃപ്തി മറികടക്കാനും സംരക്ഷണം ഉറപ്പാക്കാനുമാണ് എഐസിസിയുടെ സംഘടനാകാര്യ സെക്രട്ടറി കൂടിയായ കെസി വേണുഗോപാലുമായി എംഎൽഎ കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന.
പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കെ.സി. വേണുഗോപാൽ എംപി രാത്രിയിൽ ജില്ലയിലെത്തിയത്. ഈ സന്ദർശനം മുതലെടുത്താണ് രമ്യ ഹരിദാസ് പാലക്കാട്ടെത്തി അദ്ദേഹത്തെ നേരിൽ കണ്ടത്. അതേസമയം, രമ്യയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും അവർ ഡൽഹിയിലായതിനാൽ മടങ്ങിയെത്തിയ ശേഷം നേരിൽ മൊഴിയെടുക്കുമെന്നുമായിരുന്നു അന്വേഷണ സമിതി അധ്യക്ഷൻ എംഎം ഹസൻ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നത്.രമ്യ ഹരിദാസിൻറെ പേഴ്സണൽ സ്റ്റാഫ് എന്ന നിലയിൽ ഒപ്പം കൊണ്ടുനടന്നിരുന്ന പാളയം പ്രദീപിനെ സംഘർഷത്തിൽ പങ്കാളിയായതിന് കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.
പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണെന്ന് കെപിസിസി അധ്യക്ഷൻ തന്നെ പരസ്യപ്രതികരണം നടത്തിയ ചിറയിൻകീഴിലെ സംഘർഷത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ നേരിട്ടുള്ള അച്ചടക്ക നടപടിക്ക് സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന വിവരം. രമ്യയ്ക്ക് പുറമെ സംഘർഷത്തിൽ ഉൾപ്പെട്ട തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലത്തിനെതിരെയും കെപിസിസി അന്വേഷണ സമിതി കടുത്ത നടപടികൾ ശുപാർശ ചെയ്യില്ലെന്നാണ് സൂചന.തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കെതിരെ പരസ്യമായ നടപടികൾ കൈക്കൊള്ളുന്നത് പൊതുസമൂഹത്തിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.രമ്യയുടെ ഭാഗം നേരിട്ട് കേട്ട ശേഷം മാത്രം അന്തിമ അന്വേഷണ റിപ്പോർട്ട് കെപിസിസി പ്രസിഡന്റിന് കൈമാറുകയുള്ളൂവെന്ന നിലപാടിലാണ് എംഎം ഹസനെന്നാണ് അറിയുന്നത്