'പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി'..'; ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടർന്ന് ദുരിതമനുഭവിച്ച ഹർഷിന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു.ഓഫീസ് അറ്റൻഡറായാണ് ഹർഷിന ചുമതലയേറ്റത്.
2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങുന്നത്
കോഴിക്കോട് : പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടർന്ന് ദുരിതമനുഭവിച്ച ഹർഷിന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു.ഓഫീസ് അറ്റൻഡറായാണ് ഹർഷിന ചുമതലയേറ്റത്.
2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങുന്നത്. തുടർന്ന് 2022-ല്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്. മതിയായ നഷ്ടപരിഹാരവും നീതിയും ആവശ്യപ്പെട്ട് ഹർഷിന നടത്തിയ നീണ്ട നിയമ-സമര പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ പുതിയ സർക്കാർ ഹർഷിനയ്ക്ക് സ്ഥിരം ജോലി നല്‍കിയത്
ഇന്ന് ജോലിയില്‍ പ്രവേശിക്കാനായി സമരസമിതി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം മെഡിക്കല്‍ കോളേജിലെത്തിയ ഹർഷിന വികാരാധീനയായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. "കൂടെയുണ്ട് കൂടെയുണ്ട് എന്ന് പറഞ്ഞ് തങ്ങളെ അവഗണിക്കുകയും പുച്ഛിച്ചു തള്ളുകയും ചെയ്ത മുൻ അധികാരികള്‍ക്കുള്ള ശക്തമായ മറുപടിയാണിത്," എന്ന് ഹർഷിന പറഞ്ഞു.
കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചു.ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് ഇപ്പോള്‍ തോന്നി. ഒൻപത് വർഷം മരണം മുന്നില്‍ക്കണ്ടു ജീവിച്ചതിനൊടുവില്‍ സത്യം വിജയിച്ചുവെന്നും ഹർഷിന പ്രതികരിച്ചു. കുറ്റക്കാർക്കെതിരെയുള്ള കേസ് കോടതിയില്‍ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.