കൈയ്യിലെടുത്ത് വാരിപ്പുണർന്ന് പ്രീയങ്ക,മറിയത്തിനും നൈഷ്മികക്കും അപൂർവ നിമിഷം  

നാലുവയസ്സുകാരി മറിയം റുഫൈദക്കും കുടുംബത്തിനും ഇത് ജീവിതത്തിലെ മധുരിക്കുന്ന ഓർമ്മയാണ്. വിഐപിയുടെ ഒക്കത്തിരുന്ന് അവൾ പുഞ്ചിരിച്ചപ്പോൾ സഫലമായത് നസ്ലയുടെയും റുഫൈദിന്റെയും

 

ഇരിട്ടി : നാലുവയസ്സുകാരി മറിയം റുഫൈദക്കും കുടുംബത്തിനും ഇത് ജീവിതത്തിലെ മധുരിക്കുന്ന ഓർമ്മയാണ്. വിഐപിയുടെ ഒക്കത്തിരുന്ന് അവൾ പുഞ്ചിരിച്ചപ്പോൾ സഫലമായത് നസ്ലയുടെയും റുഫൈദിന്റെയും മോഹമാണ്. യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ പ്രചരണാർത്ഥം ഇരിട്ടിയിൽ എത്തിയ പ്രിയങ്കഗാന്ധിയുടെ ഒക്കത്തിരിക്കുവാനുള്ള അവസരമാണ് നാലു വയസ്സുകാരി മരിയം റുഫൈദക്ക് സാദ്ധ്യമായത്.

കാഴ്ചയിൽ ഇന്ദിരാഗാന്ധിയുടെ രൂപ സാദൃശ്യമുള്ള മുടിയാണ് മറിയം റുഫൈദക്ക്. വീട്ടിൽ ഇന്ദിരാഗാന്ധി എന്ന വിളിപേരുമുണ്ട്. പ്രിയങ്ക ഇരിട്ടിയിൽ എത്തുന്നതറിഞ്ഞു ഇരിട്ടിക്കടുത്ത കീഴൂർ സ്വദേശിയായ ഹസീന മൻസിലിൽ വി.വി. നസ്ലയും ഭർത്താവ് റുഫൈദും കൂടി മകളെയും കൂട്ടി ഇരിട്ടിയിലെത്തിയത്. കുട്ടികളുടെ സാരിയണിഞ്ഞ്  റോസാപൂവുമായാണ്  മറിയം പ്രിയങ്കയെ കാണാൻ എത്തിയത് .

കനത്ത സുരക്ഷാ സന്നാഹത്തിനിടയിൽ സുരക്ഷാവലയം ഭേദിച്ചു പ്രിയങ്കയുടെ അരികത്തുവരാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. കടുത്ത ചൂടിൽ കുട്ടി ഷീണിച്ചപ്പോൾ മാതാപിതാക്കൾ കയ്യിൽ കരുതിയിരുന്ന ന്യൂസ് പേപ്പർ ഉപയോഗിച്ച് കുട്ടിക്ക് തണൽ ഒരുക്കി കാത്തിരുന്നു  . പ്രസംഗം തുടരുന്ന പ്രിയങ്കയുടെ ശ്രദ്ധ ആകർഷിക്കാനായി  മൂന്നു നാലുതവണ ഉമ്മ നസ്ല മറിയത്തെ എടുത്ത് ഉയർത്തി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ  പ്രിയങ്ക വെയിറ്റ് , പ്രസംഗത്തിന് ശേഷം വിളിക്കാമെന്ന് പ്രസംഗത്തിനിടയിൽ പറഞ്ഞു. പ്രസംഗം അവസാരിച്ചപാടെ പ്രിയങ്ക മറിയത്തെ തന്റെ അടുത്തേക്കു വിളിപ്പിക്കുകയായിരുന്നു.

മറിയത്തെ ഒക്കത്തിരുത്തിയാണ് പ്രിയങ്ക സണ്ണി ജോസഫിനും, ഇരിക്കൂർ മണ്ഡലം സ്ഥാനാർഥി സജിവ് ജോസഫിനും വോട്ടഭ്യർത്ഥിച്ചത്. ഇവരുടെ മൂത്തമകൻ ഫർദിൻ രാഹുൽ ഗാന്ധിയുടെ വേദിയിൽ തൂവെള്ള ജൂബ്ബയുമണിഞ്ഞു പലപ്രാവശ്യം എത്തിയെങ്കിലും ഒരിക്കലും അടുത്ത് എത്താൻ അഴിഞ്ഞിരുന്നില്ല . മറിയത്തിലൂടെ കുടുംബത്തിന്റെ ആഗ്രഹം സഫലമായതിന്റെ ആഹ്ലാദത്തിലാണ് ഈ കുടുംബം. വെയിൽ ഷീണിച്ച മറിയത്തിന്റെ കവിളിൽ തലോടി പാറിപ്പറന്ന മുടി കൈകൊണ്ട് ഒടുക്കിയാണ് പ്രിയങ്ക മറയത്തെ ചേർത്തുനിർത്തിയത് .  

കോൺഗ്രസ് പതാകയുടെ നിറത്തിൽ തുന്നിക്കൊടുത്ത വേഷമണിഞ്ഞെത്തിയ പയഞ്ചേരിയിലെ അഞ്ച് വയസ്സുകാരി നൈഷ്മികയ്ക്കും പ്രിയങ്കയുടെ ഒക്കത്തിരിക്കാൻ അവസരം ലഭിച്ചു. ബെൻഹിൽ സ്‌കൂളിലെ യുകെജി വിദ്യാർത്ഥിനിയായ നൈഷ്മിക പയഞ്ചേരി മുക്കിലെ പി.എസ്.  മോഹനന്റെയും അനിഷയുടേയും മകളാണ്.