പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി..! ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം

പത്മകുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ സിപിഎം തീരുമാനിച്ചതായാണ് സൂചന.

 

പത്തനംതിട്ട:  പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിൽ വിശദീകരണം ആവശ‍്യപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന് സിപിഎം നോട്ടീസ് അയച്ചു. പത്മകുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ സിപിഎം തീരുമാനിച്ചതായാണ് സൂചന. വിശദീകരണം ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പത്മകുമാറിനെ പുറത്താക്കിയിരുന്നു. ജില്ലാ സെക്രട്ടറി അടക്കമുള്ള ഗ്രൂപ്പിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ പത്മകുമാർ അറിയേണ്ടെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കൽ എന്നാണ് വിവരം. അടുത്തിടെയാണ് സ്വർണക്കൊള്ള കേസിൽ പത്മകുമാറിന് ജാമ‍്യം ലഭിച്ചതും ജയിൽ മോചിതനായതും.

നവംബർ 25നായിരുന്നു പത്മകുമാറിനെ സ്വർണക്കൊള്ള കേസിൽ അറസ്റ്റ് ചെയ്തത്. പിന്നീട് ദ്വാരപാലക കേസിലും പ്രതി ചേർക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയാക്കിയതോടെ സ്വഭാവിക ജാമ‍്യം ലഭിച്ചു.