ഫ്ലിപ് കാർട്ടിൽ ചെരുപ്പ് റിട്ടേൺ ചെയ്യാൻ ശ്രമിച്ചപ്പോൾ ഫോൺ ഹാക്ക് ചെയ്ത് തളിപ്പറമ്പ് മോറാഴ സ്വദേശിക്ക് ലക്ഷങ്ങൾ നഷ്ടമായി
ഓൺലൈൻ തട്ടിപ്പിൽ മോറാഴ സ്വദേശിക്ക് നഷ്ടമായത് രണ്ടര ലക്ഷത്തിലധികം രൂപ. പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. മോറാഴ ഡ്രീം വില്ലയിലെ കെ. പത്മനാഭൻ്റെ 2,69,500 രൂപയാണ് നഷ്ടമായത്.
Nov 8, 2026, 16:00 IST
തളിപ്പറമ്പ്: ഓൺലൈൻ തട്ടിപ്പിൽ മോറാഴ സ്വദേശിക്ക് നഷ്ടമായത് രണ്ടര ലക്ഷത്തിലധികം രൂപ. പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. മോറാഴ ഡ്രീം വില്ലയിലെ കെ. പത്മനാഭൻ്റെ 2,69,500 രൂപയാണ് നഷ്ടമായത്. ഇദ്ദേഹം ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്ത് കിട്ടിയ ചെരിപ്പ് അളവ് ശരിയല്ലാത്തതിനാൽ തിരിച്ചു നൽകുന്നതിനായി ഫ്ലിപ്കാർട്ട് അക്കൗണ്ടിൽ റിട്ടേൺ മെസ്സേജ് അയച്ചിരുന്നു.
പിക്ക് അപ് റീ ഷെഡ്യൂൾ ചെയ്യുന്നതിനായി ഇക്കഴിഞ്ഞ അഞ്ചാം തീയതി ഒരു നമ്പറിൽ നിന്ന് കോൾ വരികയും അതേ സമയം വേറൊരു നമ്പറിൽ നിന്ന് വാട്സ്ആപ്പ് വീഡിയോ കോൾ വരികയും ഫോൺ ഹാക്ക് ചെയ്യുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് അദ്ദേഹത്തിന്റെ വിവിധ ബ്രാഞ്ചുകളിലുള്ള വിവിധ അക്കൗണ്ടുകളിൽ നിന്നുമായി മൊത്തം 2,69,500 രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.