'മെറ്റ എഐ ഗ്ലാസുകള്‍ ധരിച്ച് ഒരാള്‍ വന്നു'; തനിക്കും വിഡി സതീശനുമെതിരെ സ്റ്റിംഗ് ഓപ്പറേഷന്‍ നടന്നെന്ന് ഡികെ ശിവകുമാര്‍

തന്നെയും കര്‍ണാടക മന്ത്രി സതീഷ് ജാര്‍ക്കിഹോളിയെയും കാണുമ്പോഴാണ് ആ വ്യക്തി കണ്ണട ധരിച്ചതെന്നും എന്നാല്‍ മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ കണ്ണട ധരിച്ചിരുന്നില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി.

 

ഇയാളില്‍ തനിക്ക് സംശയം തോന്നിയെന്നും കൂടുതല്‍ അന്വേഷണം നടത്തിയതോടെ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ടുള്ള സ്റ്റിംഗ് ഓപ്പറേഷന്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവന്നതായും ശിവകുമാര്‍ പറഞ്ഞു

കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനും കേരള മുഖ്യമന്ത്രി വി ഡി സതീശനുമെതിരെ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍ ശ്രമം നടന്നതായി ആരോപണം. ഡി കെ ശിവകുമാര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. മെറ്റാ എഐ ഗ്ലാസുകള്‍ ധരിച്ച് തന്നെ കാണാന്‍ വന്ന ഒരു വ്യവസായിയാണ് ഓപ്പറേഷന്‍ ലക്ഷ്യമിട്ടതെന്ന് ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിവകുമാര്‍ പറഞ്ഞു. ഇയാളില്‍ തനിക്ക് സംശയം തോന്നിയെന്നും കൂടുതല്‍ അന്വേഷണം നടത്തിയതോടെ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ടുള്ള സ്റ്റിംഗ് ഓപ്പറേഷന്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവന്നതായും ശിവകുമാര്‍ പറഞ്ഞു

'ദൈവം എനിക്ക് നല്‍കിയ ഒരു പ്രത്യേക ശക്തിയുണ്ട്. ഒരാളുടെ മുഖം നോക്കിയാല്‍ തന്നെ, അയാള്‍ എന്തിനാണ് എന്നെ കാണാന്‍ വന്നതെന്നും അയാളുടെ ഉദ്ദേശ്യങ്ങള്‍ എന്താണെന്നും എനിക്ക് മനസ്സിലാകും. മുഖം വായിക്കാന്‍ എനിക്കറിയാം', ശിവകുമാര്‍ പറഞ്ഞു. ബിസിനസുകാരന്‍ എന്ന വ്യാജേനയെത്തി പിന്നീട് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട വ്യക്തിയുടെ പെരുമാറ്റവും കണ്ണടയുമാണ് തന്നില്‍ സംശയം ജനിപ്പിച്ചതെന്നും ശിവകുമാര്‍ പറഞ്ഞു.

തന്നെയും കര്‍ണാടക മന്ത്രി സതീഷ് ജാര്‍ക്കിഹോളിയെയും കാണുമ്പോഴാണ് ആ വ്യക്തി കണ്ണട ധരിച്ചതെന്നും എന്നാല്‍ മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ കണ്ണട ധരിച്ചിരുന്നില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി. കേരള മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയില്‍ സന്ദര്‍ശകന്‍ അതേ മെറ്റ കണ്ണട ധരിച്ചിരുന്നുവെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരെ കണ്ടപ്പോള്‍ അദ്ദേഹം കണ്ണട ധരിച്ചിരുന്നില്ലെന്നുമാണ് തനിക്ക് ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കിയതെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് മന്ത്രിമാരും നേതാക്കളും ഇത്തരം സ്റ്റിംഗ് ഓപ്പറേഷനില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, വ്യക്തിയാരാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല