കൊടുവള്ളിയില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ഇടിച്ചുവീഴ്ത്തി കവര്‍ച്ച നടത്തിയ സംഭവം ; സുഹൃത്തിന്റെ ക്വട്ടേഷന്‍
സംഭവത്തില്‍ രമേശ് ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജ്വല്ലറി ഉടമയായ കൊടുവള്ളി സ്വദേശി ബൈജുവില്‍ നിന്നും രണ്ട് കിലോ സ്വര്‍ണമാണ് പ്രതികള്‍ കവര്‍ന്നത്
കൊടുവള്ളിയില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ഇടിച്ചുവീഴ്ത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒറ്റുകാരനായത് സുഹൃത്ത്. വലിയ സാമ്പത്തിക ലാഭങ്ങള്‍ ലക്ഷ്യം വെച്ച് ഉടമയുടെ സുഹൃത്തായ രമേശ് ആണ് കവര്‍ച്ച ആസൂത്രണം നടത്തിയത്. ജ്വല്ലറി ഉടമയായ കൊടുവള്ളി സ്വദേശി ബൈജുവില്‍ നിന്നും രണ്ട് കിലോ സ്വര്‍ണമാണ് പ്രതികള്‍ കവര്‍ന്നത്. സംഭവത്തില്‍ രമേശ് ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബൈജുവിന്റെ ജ്വല്ലറിക്ക് സമീപമാണ് രമേശിന്റെ ആഭരണനിര്‍മാണ കട പ്രവര്‍ത്തിക്കുന്നത്. രമേശിനെ കൂടാതെ വിപിന്‍, ഹരീഷ്, വിമല്‍, ലതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1.3 കിലോ സ്വര്‍ണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 12 ലക്ഷം രൂപ മുടക്കിയാണ് സുഹൃത്തായ രമേശ് ബൈജുവിന് ക്വട്ടേഷന്‍ ഏര്‍പ്പെടുത്തിയത്. ക്വട്ടേഷന്‍ സംഘാഗമായ തൃശൂര്‍ സ്വദേശി സിനോയിയെ കൂടി പിടികൂടാനുണ്ട്.
തനിക്കെതിരെ സംശയം തോന്നാതിരിക്കാന്‍ രമേശ് ആക്രമിക്കപ്പെട്ട ബൈജുവിനെ കാണാനെത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ബൈജുവിനെ കാറില്‍ എത്തിയ സംഘം ഇടിച്ചുവീഴ്ത്തിയത്. റോഡിലേക്ക് തെറിച്ചുവീണ ബൈജുവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും പിന്നാലെ ബാഗില്‍ സൂക്ഷിച്ച രണ്ട് കിലോയോളം സ്വര്‍ണം കവര്‍ന്ന് കടന്നുകളയുകയായിരുന്നു.