അരികുജീവിതങ്ങളുടെ കാവൽക്കാരൻ; കെ.ജെ ബേബിയുടെ വിയോഗത്തിലൂടെ നഷ്ടമായത് മഹാനായ മനുഷ്യസ്നേഹിയെ
കണ്ണൂർ: എ.കെ.ജിയുടെ ജന്മദേശമായ പെരളശേരി പഞ്ചായത്തിലെ മാവിലായി സ്വദേശിയായ കെ.ജെ.ബേബി തൻ്റെ ജീവിതം കൊണ്ടുതന്നെയാണ് സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ആദിവാസി ജനവിഭാഗത്തിനായി പോരാടിയത്. 1973ലാണ് കെ.ജെ ബേബി മാവിലായിയിൽ നിന്നും വയനാട്ടിലേയ്ക്ക് താമസം മാറുന്നത്. ഈക്കാലത്താണ് ആദിവാസി വിഭാഗങ്ങൾക്കൊപ്പം താമസിക്കുകയും അവരുടെ പരമ്പരാഗത കലാ-സാംസ്കാരിക ജീവിതം അടുത്തറിയുകയും ചെയ്തത്. ആദിവാസികളുടെ പാട്ടുകളുടെയും ഐതിഹ്യങ്ങളുടെയും സമ്പന്നമായ ലോകം ബേബിയിലെ എഴുത്തുകാരനെ സ്വാധീനിച്ചിരുന്നു.
കേരളത്തിലെ നക്സലൈറ്റ് മുന്നേറ്റത്തിൻ്റെ സാംസ്കാരിക മുഖമായിരുന്ന സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്നു ബേബി. താൻ തൊട്ടറിഞ്ഞ ആദിവാസി ജീവിതം മുൻനിർത്തി 1970കളുടെ അവസാനം ബേബി നാടുഗദ്ദിക എന്ന നാടകം രചിച്ചു. വയനാട് സാംസ്കാരിക വേദിയുടെ കീഴിൽ ഈ നാടകം കേരളമെമ്പാടും ബേബിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ടു. ഇതിനെ തുടർന്ന് 1981 മേയ് 22-ന് കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ പൊലീസ് അറസ്റ്റ് ചെയ്തു.
വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികൾക്ക് അവരുടെ ഭാഷയും കലയും ജീവിതപരിസരവും നിലനിർത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് അനിവാര്യമെന്ന തിരിച്ചറിവിൽ നിന്നാണ് 1993ൽ ബേബി കനവ് എന്ന ബദൽ വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കുന്നത്. ആദിവാസി വിദ്യാർത്ഥികളെ സ്വന്തം നിലയിൽ സ്വാശ്രയരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹം കനവ് സ്ഥാപിച്ചത്.
തങ്ങളുടെ സംസ്കാരത്തിൻ്റെ വൈവിധ്യങ്ങളെ മനസ്സിലാക്കാനും സാംസ്‌കാരികമായ അധിനിവേശങ്ങളെ തടയാൻ ആദിവാസികളെ പ്രാപ്തരാക്കാനും ഈ ആശയത്തിലൂടെ കെ ജെ ബേബി ലക്ഷ്യം വെച്ചിരുന്നു. ഗുരുകല സമ്പ്രദായമെന്ന ആശയമാണ് കനവ് മുന്നോട്ട് വെച്ചിരുന്നത്. ഗോത്രവിഭാഗങ്ങളുടെ തനതായ പാട്ടുകൾ, നാടോടിക്കലകൾ, നൃത്തരൂപങ്ങൾ, ചിത്രകല, കൃഷി, ആയുധനകലകൾ തുടങ്ങിയവയുടെ പരിശീലനത്തിലൂടെ ബദൽ പഠനരീതിയാണ് കനവ് മുന്നോട്ട് വച്ചത്.
2006ൽ കനവിൻ്റെ പ്രവർത്തനങ്ങളിൽ നിന്നും കെ ജെ ബേബി പിൻമാറി. അദ്ദേഹം പഠിപ്പിച്ച മുതിർന്ന വിദ്യാർത്ഥികളെ ചുമതലയേൽപ്പിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പിന്മാറ്റം. കനവിൽപഠിച്ച വിദ്യാർത്ഥികൾ കേരളത്തിൻ്റെ സാമൂഹ്യ സംസ്കാരികരംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്നവരാണ്. അരികുജീവിതങ്ങൾക്കായി ജീവിതം തന്നെ പോരാട്ടമാക്കിയ മഹാനായ മനുഷ്യസ്നേഹിയെയാണ് കെ.ജെ. ബേബിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത്.