ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തില്‍ നിന്ന് അഞ്ചരപ്പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു; പ്രതി പിടിയില്‍

ഇടുക്കി അണക്കര ചെല്ലാര്‍കോവില്‍ ഞാവള്ളിക്കുന്നേല്‍ മേരിക്കുട്ടിയുടെ മാലയാണ് മോഷ്ടിച്ചത്.

 

മോഷണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തില്‍ നിന്ന് അഞ്ചരപ്പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്ന പ്രതി പൊലീസ് പിടിയില്‍. ഇടുക്കി ചക്കുപള്ളം പയ്യാനിക്കല്‍ മനു കുഞ്ഞുമോന്‍ ആണ് അറസ്റ്റിലായത്. മോഷണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കി അണക്കര ചെല്ലാര്‍കോവില്‍ ഞാവള്ളിക്കുന്നേല്‍ മേരിക്കുട്ടിയുടെ മാലയാണ് മോഷ്ടിച്ചത്. വ്യാഴാഴ്ച പകല്‍ വീടിനു സമീപമെത്തിയ മനു മേരിക്കുട്ടിയോട് കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി മേരിക്കുട്ടി അടുക്കളയിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ മനു പുറകില്‍ നിന്നും അഞ്ചരപ്പവന്‍ തൂക്കമുള്ള മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. സംഭവമരിഞ്ഞ് പൊലീസും നാട്ടുകാരും ചേര്‍ന്ന് പരിസര പ്രദേശങ്ങളില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയകരമായ രീതിയില്‍ ഒരാള്‍ പറമ്പിലൂടെ നടന്നുപോകുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു അന്വേഷണം.

ദിവസങ്ങള്‍ക്കു മുമ്പ് മനു മേരിക്കുട്ടിയുടെ വീട്ടില്‍ ജോലിക്കായി എത്തിയിരുന്നു. മേരിക്കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, മോഷണത്തിന് ശേഷം രക്ഷപ്പെട്ടയാളുടെ ചെരുപ്പിന്റെ അടയാളവും പരിശോധിച്ചു. ഇതോടെയാണ് മോഷണത്തിന് പിന്നില്‍ മനുവാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. തുടര്‍ന്ന് വൈകുന്നേരത്തോടെ ചക്കുപള്ളത്തെ വീടിന് സമീപത്തുനിന്ന് മനുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചക്കുപള്ളം മേഖലയില്‍ നേരത്തെ ഏലക്ക മോഷണം നടത്തിയ കേസിലും പണം മോഷ്ടിച്ച കേസിലും മനു പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. മോഷണം പോയ സ്വര്‍ണമാല കണ്ടെടുക്കാനായിട്ടില്ല. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.