കൊല്ലം റെയിൽവേ സ്റ്റേഷനിലും ട്രെയ്നുകളിലും നടത്തിയ പരിശോധനയിൽ 1.15 ലക്ഷം രൂപ പിഴ ഈടാക്കി; 197 ക്രമക്കേടുകൾ കണ്ടെത്തി
കൊല്ലം റെയിൽവേ സ്റ്റേഷനിലും ട്രെയ്നുകളിലും ടിക്കറ്റില്ലാതെ യാത്ര ചെയ്തവർക്കെതിരെ നടത്തിയ സംയുക്ത പരിശോധനയിൽ 1,15,775 രൂപ പിഴ ഈടാക്കി. ഒറ്റദിവസത്തെ പരിശോധനയിൽ ആകെ 197 നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. ദക്ഷിണ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്.നവംബർ 16-ന് ടിക്കറ്റ് പരിശോധന ശക്തമാക്കുന്നതിന്റെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പ്രത്യേക പരിശോധന നടത്തിയത്
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലും ട്രെയ്നുകളിലും ടിക്കറ്റില്ലാതെ യാത്ര ചെയ്തവർക്കെതിരെ നടത്തിയ സംയുക്ത പരിശോധനയിൽ 1,15,775 രൂപ പിഴ ഈടാക്കി. ഒറ്റദിവസത്തെ പരിശോധനയിൽ ആകെ 197 നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. ദക്ഷിണ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്.നവംബർ 16-ന് ടിക്കറ്റ് പരിശോധന ശക്തമാക്കുന്നതിന്റെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പ്രത്യേക പരിശോധന നടത്തിയത്. കൊല്ലം റെയിൽവേ കോടതിയിലെ സ്പെഷ്യൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് ട്രെയ്നിൽ നേരിട്ട് എത്തി പരിശോധനയ്ക്ക് നേതൃത്വം നൽകിയിരുന്നു. കൊല്ലം-പുനലൂർ-കൊല്ലം മെമു ട്രെയ്നിലും ആർ.പി.എഫ്. ഉദ്യോഗസ്ഥരും ടി.ടി.ഇ.മാരും അടങ്ങിയ സംഘം പരിശോധന നടത്തി.
ട്രെയ്നിൽ നടത്തിയ പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 21 പേരെ കണ്ടെത്തുകയും ഇവരിൽ നിന്ന് 10,920 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇതിനുപിന്നാലെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ നടത്തിയ പരിശോധനയിൽ 175 പേരെ പിടികൂടുകയും അവരിൽ നിന്ന് 1,04,555 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.ടിക്കറ്റില്ലാത്ത യാത്ര കർശനമായി തടയുന്നതിനും അനധികൃത പ്രവേശനം നിയന്ത്രിക്കുന്നതിനും, യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിനുമായി ഇത്തരത്തിലുള്ള പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വ്യക്തമാക്കി.