ആയുര്‍വേദ ഡോക്ടര്‍മാരായ ദമ്പതികളുടെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച വീട്ടുജോലിക്കാരായ സ്ത്രീകള്‍ അറസ്റ്റില്‍

മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തൃശൂരിലെ വിവിധ സ്വര്‍ണപ്പണയ സ്ഥാപനങ്ങള്‍ വഴി വില്‍ക്കുകയായിരുന്നു

 

വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള ആഭരണങ്ങളും നഷ്ടപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഷണത്തിന്റെ ചുരുളഴിയുന്നത്.

വീട്ടുജോലിയുടെ മറവില്‍ വന്‍ കവര്‍ച്ച. തൃശൂര്‍ പേരാമംഗലത്താണ് സംഭവം. ആയുര്‍വേദ ഡോക്ടര്‍മാരായ ദമ്പതികളുടെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും വജ്രാഭരണങ്ങളും മോഷ്ടിച്ച കേസില്‍ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിമുക്ക് സ്വദേശി ടി.എസ്. ഗീതു (35), മണ്ണുത്തി സ്വദേശി പ്രിയ (40) എന്നിവരാണ് അറസ്റ്റിലായത്.

2023 മുതല്‍ പലതവണയായി വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള ആഭരണങ്ങളും നഷ്ടപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഷണത്തിന്റെ ചുരുളഴിയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ദമ്പതികളുടെ വീട്ടില്‍ വിശ്വസ്തരായ ജോലിക്കാരായി തുടരുകയായിരുന്നു ഇരുവരും.
ലോക്കര്‍ തുറക്കുന്ന സമയത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി രഹസ്യ നമ്പര്‍ മനസിലാക്കുകയായിരുന്നു മോഷണരീതി. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്നാണ് പ്രതികള്‍ പണവും ആഭരണങ്ങളും കവര്‍ന്നതെന്നാണ് കണ്ടെത്തല്‍.

മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തൃശൂരിലെ വിവിധ സ്വര്‍ണപ്പണയ സ്ഥാപനങ്ങള്‍ വഴി വില്‍ക്കുകയായിരുന്നു യുവതികളെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ 70 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതില്‍ ഒരാള്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന വീട് വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.

വീട്ടിലെ മറ്റൊരു ജോലിക്കാരിക്ക് ഇരുവരുടെയും നീക്കത്തില്‍ സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവര്‍ വിവരം ഡോക്ടര്‍മാരായ ദമ്പതികളെ അറിയിക്കുകയായിരുന്നു.  ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണവാച്ച് എന്നിവയുള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളാണ് യുവതികള്‍ മോഷ്ടിച്ചത്.