കോണ്‍ഗ്രസുകാരന്‍ ഏത് നിമിഷവും ബിജെപി ആകാം, പ്രവര്‍ത്തക സമിതിയില്‍വരെ ആര്‍എസ്എസ് അനുകൂലികളുണ്ട്; എം വി ഗോവിന്ദന്‍

 

മത വര്‍ഗീയ ശക്തികള്‍ക്ക് സ്വീകാര്യത കിട്ടുന്ന അപകടകരമായ അവസ്ഥ ഇന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

 

മറ്റത്തൂരിലെ കൂറുമാറ്റം ചൂണ്ടിക്കാണ്ടിയാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം.

കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഏത് നിമിഷവും ഏത് കോണ്‍ഗ്രസ് നേതാവിനും ബിജെപി ആകാമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വരെ ആര്‍എസ്എസ് അനുകൂലികളുണ്ടെന്നും മത വര്‍ഗീയ ശക്തികള്‍ക്ക് സ്വീകാര്യത കിട്ടുന്ന അപകടകരമായ അവസ്ഥ ഇന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മറ്റത്തൂരിലെ കൂറുമാറ്റം ചൂണ്ടിക്കാണ്ടിയാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം.

ശബരിമല വിഷയത്തില്‍ എ പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ വ്യക്തത വേണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കൊളളയുമായി ഇവര്‍ക്കുളള പങ്ക് എന്താണ്, ഭരണ നേതൃത്വത്തിന് നോട്ടക്കുറവ് മാത്രമാണോ ഉണ്ടായത് എന്നീ കാര്യങ്ങള്‍ അറിയണമെന്നും അതിന് കുറ്റപത്രം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമേ പാര്‍ട്ടി തീരുമാനിക്കുകയുളളുവെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. 'നടപടി എടുത്താന്‍ സ്വര്‍ണക്കൊളളയില്‍ പാര്‍ട്ടി നടപടി എന്ന് നിങ്ങള്‍ മാധ്യമങ്ങള്‍ കൊടുക്കില്ലേ? മാധ്യമങ്ങളുടെ പിന്നാലെ പോയി നടപടി എടുക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം. അങ്ങനെയൊരു ധാരണ വേണ്ട': എം വി ഗോവിന്ദന്‍ പറഞ്ഞു. ശബരിമല തിരിച്ചടിയായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തു. കേരളത്തിലുണ്ടായ അപ്രതീക്ഷിതമായ പരാജയം ശരിയായ ദിശാബോധത്തോടെ വിലയിരുത്തി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയണം എന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 33.60 ശതമാനം വോട്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ചത്. ഇപ്പോഴത് 39. 73 ശതമാനം വോട്ടായി ഉയര്‍ന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 66, 65,370 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഇത്തവണ അതില്‍ 17 ലക്ഷത്തിലധികം വോട്ടിന്റെ വര്‍ധനവുണ്ടായി. യുഡിഎഫിനും ബിജെപിയ്ക്കും അവരുടെ വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറയുകയാണ് ഉണ്ടായത്.