പകൽ വസ്ത്രവ്യാപാരി, രാത്രി കൊടുംകള്ളൻ; നൂറോളം മോഷണക്കേസുകളിലെ പ്രതി തേഞ്ഞിപ്പലം സ്വദേശി മഞ്ചേരിയിൽ പിടിയിൽ
മഞ്ചേരി നഗരത്തെയും പൊലീസിനെയും ഒരുപോലെ മുൾമുനയിൽ നിർത്തിയ തുടർ മോഷണ പരമ്പരകൾക്ക് ഒടുവിൽ തിരശ്ശീല വീണു. ആളില്ലാത്ത വീടുകൾ തിരഞ്ഞുപിടിച്ച് കവർച്ച നടത്തിയിരുന്ന കൊടുംകുറ്റവാളി തേഞ്ഞിപ്പലം സ്വദേശി സൈനുദ്ദീനെയാണ് മഞ്ചേരി പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
മഞ്ചേരി: മഞ്ചേരി നഗരത്തെയും പൊലീസിനെയും ഒരുപോലെ മുൾമുനയിൽ നിർത്തിയ തുടർ മോഷണ പരമ്പരകൾക്ക് ഒടുവിൽ തിരശ്ശീല വീണു. ആളില്ലാത്ത വീടുകൾ തിരഞ്ഞുപിടിച്ച് കവർച്ച നടത്തിയിരുന്ന കൊടുംകുറ്റവാളി തേഞ്ഞിപ്പലം സ്വദേശി സൈനുദ്ദീനെയാണ് മഞ്ചേരി പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
പകൽ സമയത്ത് മാന്യനായ വസ്ത്രവ്യാപാരിയായി ആഡംബര കാറുകളിൽ കറങ്ങിനടന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ നിരീക്ഷിക്കുന്നതായിരുന്നു ഇയാളുടെ രീതി. അയൽവാസികളെയും നാട്ടുകാരെയും വസ്ത്രവ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച ശേഷമാണ് രാത്രികാല കവർച്ചകൾ ആസൂത്രണം ചെയ്തിരുന്നത്. അർദ്ധരാത്രിയിൽ ഇരുചക്രവാഹനത്തിലെത്തി മുഖം മറച്ചും കൈകളിൽ ഗ്ലൗസ് ധരിച്ചുമാണ് വീടുകളുടെ മുൻവാതിൽ തകർത്ത് അകത്തുകടന്നിരുന്നത്. മോഷണശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി വീടുകളിലെ സിസിടിവി ഹാർഡ് ഡിസ്കുകൾ കൂടി കവർന്നാണ് ഇയാൾ സ്ഥലം വിട്ടിരുന്നത്.
പതിനെട്ടാം വയസ്സിൽ മോഷണം ആരംഭിച്ച സൈനുദ്ദീൻ, 2024-ൽ പാലക്കാട്ടെ മോഷണക്കേസുകളിൽ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കവർച്ചകളിൽ സജീവമാവുകയായിരുന്നു. കോഴിക്കോട് പോക്സോ കേസിലും ഇയാൾ പ്രതിയാണ്. മോഷണമുതൽ ഉപയോഗിച്ച് കാവനൂർ വടക്കമല റോഡിൽ കോടികൾ വിലമതിക്കുന്ന ആഡംബര വീട് നിർമ്മിച്ചുവരികയായിരുന്നു ഇയാൾ. ഓരോ ജില്ലയിലും മോഷണം നടത്തിയ ശേഷം മറ്റു ജില്ലകളിലേക്ക് മാറി ആഡംബര ജീവിതം നയിക്കുന്നതായിരുന്നു പതിവ്. മഞ്ചേരി, കാവനൂർ, രാമൻകുളം എന്നിവിടങ്ങളിൽ വാടകയ്ക്ക് താമസിച്ചാണ് ഇയാൾ നഗരങ്ങളിൽ മോഷണം നടത്തിയിരുന്നത്.
നഗരത്തിൽ മോഷണ പരമ്പരകൾ വ്യാപകമായതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മഞ്ചേരി പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി പ്രത്യേക അന്വേഷണം ആരംഭിച്ചിരുന്നു. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും പഴയ കുറ്റവാളികളുടെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.