പനിയും ശ്വാസംമുട്ടലുമായി ചികിത്സയ്‌ക്കെത്തിയ കുട്ടിയ്ക്ക് പേവിഷത്തിനുള്ള ടെസ്റ്റ് ഡോസ് മാറി കുത്തി വച്ചു ; ശാസ്താംകോട്ട താലൂക്ക് ആശുപത്രിയ്‌ക്കെതില്‍ ഗുരുതര വീഴ്ച
പനിയും ശ്വാസതടസ്സവുമായി അമ്മയോടൊപ്പം ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍ പരിശോധിച്ച ശേഷം കുത്തിവെപ്പെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ടെസ്റ്റ് ഡോസ് ആയതിനാല്‍ ഭയപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് മരുന്നുമാറി കുത്തിവെച്ചു. പനിയും ശ്വാസതടസ്സവുമായി തിങ്കളാഴ്ച ആശുപത്രിയില്‍ എത്തിയ ശാസ്താംകോട്ട വേങ്ങ സ്വദേശിയായ പതിനെട്ടുകാരിക്കാണ് പേവിഷത്തിനു നല്‍ക്കുന്ന മരുന്നിന്റെ ടെസ്റ്റ് ഡോസ് കുത്തിവെച്ചത്.
പനിയും ശ്വാസതടസ്സവുമായി അമ്മയോടൊപ്പം ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍ പരിശോധിച്ച ശേഷം കുത്തിവെപ്പെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കുത്തിവെപ്പെടുക്കാന്‍ പെണ്‍കുട്ടി മുറിയിലെത്തിയപ്പോള്‍ നായ കടിച്ചയാളിനുള്ള വാക്‌സിന്റെ ടെസ്റ്റ് ഡോസ് സിറിഞ്ചില്‍ നിറച്ചിട്ട് നഴ്സ് ശ്വാസംമുട്ടലിനുള്ള മരുന്നെടുക്കാന്‍ അകത്തേക്ക് പോയി. ആ സമയം മറ്റേ നഴ്സ് ശ്വാസതടസ്സത്തിനുള്ള മരുന്നാണെന്നു തെറ്റിദ്ധരിച്ച് പേവിഷബാധയ്‌ക്കെതിരേയുള്ള വാക്‌സിന്‍ നിറച്ചുവെച്ച സിറിഞ്ചെടുത്ത് യുവതിക്ക് കുത്തിവെച്ചതായാണ് ലഭിക്കുന്ന വിവരം. ശ്വാസംമുട്ടലിനുള്ള മരുന്നുമായി മറ്റേ നഴ്സ് എത്തിയപ്പോഴാണ് പിഴവ് പരസ്പരം അറിയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയോട് നഴ്‌സ് ക്ഷമാപണം നടത്തുകയും ചെയ്തു.
പെണ്‍കുട്ടിക്ക് ശ്വാസതടസ്സത്തിനുള്ള മരുന്ന് നല്‍കിയശേഷം യുവതിയെ വാര്‍ഡില്‍ നിരീക്ഷണത്തിലേക്ക് മാറ്റി. മറ്റ് അസ്വസ്ഥതകളൊന്നും പ്രകടമാക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രി വിട്ടു. മരുന്നുമാറി കുത്തിവെച്ചതായാണ് അറിയുന്നതെന്നും ചൊവ്വാഴ്ച ആഭ്യന്തര അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുകയുള്ളെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ഷഹാനാ മുഹമ്മദ് പറഞ്ഞു.
ടെസ്റ്റ് ഡോസ് ആയതിനാല്‍ ഭയപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.