പാലക്കാട് 45 വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് കത്തിനശിച്ചു

ഒറ്റപ്പാലം  സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തമിഴ്നാട്ടിലെ തേനിയിൽ വെച്ചാണ് തീപിടിച്ചത്. അപകടത്തിൽ ബസിലുണ്ടായിരുന്ന മുഴുവൻ പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

 

പാലക്കാട്:  ഒറ്റപ്പാലം  സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തമിഴ്നാട്ടിലെ തേനിയിൽ വെച്ചാണ് തീപിടിച്ചത്. അപകടത്തിൽ ബസിലുണ്ടായിരുന്ന മുഴുവൻ പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

 വരോട് ഹയർ സെക്കൻഡറി സ്‍കൂളിൽനിന്നും   45 കുട്ടികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും അടങ്ങുന്ന സംഘമാണ് യാത്രയിലുണ്ടായിരുന്നത്. മൂന്നാർ, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. തേനി ജില്ലയിലെ ദേവദാനപ്പെട്ടി എന്ന സ്ഥലത്ത് വെച്ച് ബസിന്റെ പിൻഭാഗത്തെ ടയറിന് സമീപത്തുനിന്ന് സ്പാർക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടനെ ബസ് നിർത്തി എല്ലാവരെയും പുറത്തിറക്കി പരിശോധിച്ചു. ഇതിനുപിന്നാലെയാണ് ടയർ പൊട്ടിത്തെറിച്ച് ബസിന് തീപിടിച്ചത്. നിമിഷങ്ങൾക്കകം തീ പടർന്നതോടെ ബസ് പൂർണമായും കത്തിനശിക്കുകയായിരുന്നു.

അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് മുക്കാൽ ഭാഗത്തോളം കത്തിനശിച്ചിരുന്നു. ബസിലുണ്ടായിരുന്ന എല്ലാവരെയും കൃത്യസമയത്ത് സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. അപകടകാരണം സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. കുട്ടികളെ തിരിച്ച് ഒറ്റപ്പാലത്ത് എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.